
ഖത്തറി സിനിമകൾ എടുക്കുന്നവർക്കും ഖത്തറിലെ സിനിമ പ്രവർത്തകർക്ക് അവസരം നൽകുന്നവർക്കും വൻ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ച് ഖത്തർ മീഡിയ സിറ്റി ഫിലിം കമ്മിറ്റി. ഖത്തർ സ്ക്രീൻ പ്രൊഡക്ഷൻ ഇൻസെന്റീവ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഖത്തറിലെ സിനിമ നിർമാണത്തിന് 50% സാമ്പത്തിക ഇളവ് ലഭിക്കും.
ഖത്തറിൽ നിന്നുള്ള പ്രതിഭകൾക്ക് അവസരം നൽകുന്നവർ, പ്രാദേശിക പ്രതിഭകളെ പരിശീലിപ്പിക്കുന്നവർ, ഖത്തർ സിനിമ വ്യവസായത്തെ വളർത്താൻ ശ്രമിക്കുന്നവർ എന്നീ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാണ് 50 ശതമാനം ഇളവ് നൽകുന്നതെന്ന് ചെയർമാൻ ഹസൻ അൽ തവാദി പറഞ്ഞു.
സിനിമകൾ സമീപ അറബ് രാജ്യങ്ങളിൽ ചിത്രീകരിക്കാമെങ്കിലും നിബന്ധന ബാധകമാണ്. ഖത്തറിലെ സിനിമ നിർമാണത്തിനു പിന്തുണ നൽകാമെന്ന് സോണി പിക്ചേഴ്സ്, നിയോൺ, മിറാമാക്സ്, പാരറ്റ് അനലറ്റിക്സ്, കമ്പനി 3 എന്നീ സ്ഥാപനങ്ങൾ അറിയിച്ചു. ചലച്ചിത്ര നിർമാണ മേഖലയിൽ ഖത്തറിനു സുപ്രധാന സ്ഥാനം നേടിയെടുക്കുകയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക സിനിമ നിർമാതാക്കളെയും സംവിധായകരെയും പ്രതിഭകളെയും ഖത്തർ സ്വാഗതം ചെയ്യുകയാണ്.
ചിത്രീകരണത്തിന് ആവശ്യമായ എല്ലാ സൗകര്യവും രാജ്യം ഒരുക്കും. അടിസ്ഥാന സൗകര്യങ്ങൾ, മികച്ച പ്രതിഭകൾ, സാമ്പത്തിക സഹായം എന്നിവയിലൂടെ ലോക സിനിമ വ്യവസായത്തെ ഖത്തർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണെന്നും ഹസൻ അൽ തവാദി പറഞ്ഞു.