ublnews.com

രഞ്ജി ട്രോഫിയിൽ കേരളവും മധ്യപ്രദേശും തമ്മിലുള്ള മത്സരം സമനിലയിൽ

രഞ്ജി ട്രോഫിയിൽ കേരളവും മധ്യപ്രദേശും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ ആധിപത്യം പുലർത്തിയ കേരളത്തിനെതിരെ കഷ്ടിച്ച് തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ മധ്യപ്രദേശ്. വിജയലക്ഷ്യമായ 404 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് എട്ട് വിക്കറ്റിന് 167 റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ അഞ്ച് വിക്കറ്റിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ കേരളത്തിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചപ്പോൾ മധ്യപ്രദേശ് ഒരു പോയിന്റ് നേടി.

മൂന്ന് വിക്കറ്റിന് 226 റൺസെന്ന നിലയിലാണ് അവസാന ദിവസം കേരളം ബാറ്റിങ് തുടങ്ങിയത്. കളി തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ സച്ചിൻ ബേബിയും ബാബ അപരാജിത്തും സെഞ്ചറി പൂർത്തിയാക്കി. സെഞ്ചറി നേടി അധികം വൈകാതെ ബാബ അപരാജിത് റിട്ടയേഡ് ഹ‍ർട്ടായി മടങ്ങി. 149 പന്തുകളിൽ 11 ഫോറും മൂന്ന് സിക്സുമടക്കം 105 റൺസായിരുന്നു അപരാജിത് നേടിയത്. തുട‍ർന്നെത്തിയ അഹ്മദ് ഇമ്രാനും അഭിജിത് പ്രവീണും ഡിക്ലറേഷൻ മുന്നിൽക്കണ്ട് സ്കോറിങ് വേഗത്തിലാക്കി. അഹ്മദ് ഇമ്രാൻ 22 പന്തുകളിൽ നിന്ന് 24 റൺസും അഭിജിത് പ്രവീൺ ഏഴ് പന്തുകളിൽ 11 റൺസും നേടി മടങ്ങി. അഞ്ച് വിക്കറ്റിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയ‍ർ ചെയ്തു.

സച്ചിൻ ബേബി 122 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ആദ്യ ഓവറിൽ തന്നെ ഹ‍ർഷ് ഗാവ്‍ലിയുടെ വിക്കറ്റ് നഷ്ടമായി. ശ്രീഹരി എസ്. നായരുടെ പന്തിൽ കൃഷ്ണപ്രസാദ് ക്യാച്ചെടുത്താണ് ഹ‍ർഷ് മടങ്ങിയത്. തുടർന്ന് യഷ് ദുബെ, ഹിമൻശു മന്ത്രി, ഹർപ്രീത് സിങ് എന്നിവരെയും പുറത്താക്കി ശ്രീഹരി മധ്യപ്രദേശിന്റെ മുൻനിരയെ തകർത്തെറിഞ്ഞു. യഷ് ദുബെ 19ഉം ഹിമൻശു മന്ത്രി 26ഉം ഹർപ്രീത് സിങ് 13ഉം റൺസാണ് നേടിയത്. 18 റൺസെടുത്ത ക്യാപ്റ്റൻ ശുഭം ശർമ്മ റണ്ണൗട്ടായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top