
ഇന്ത്യൻ താരം രോഹിത് ശർമയ്ക്ക് ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ന്യൂസീലൻഡ് താരം ഡാരില്‍ മിച്ചലാണ് പുതിയ ഒന്നാം നമ്പർ താരം. വെസ്റ്റൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ചറി പ്രകടനമാണ് മിച്ചലിനെ ഒന്നാമതെത്തിച്ചത്. ഇതോടെ രോഹിത് രണ്ടാമതായി. മിച്ചലിന് 782 പോയിന്റും രോഹിത്തിന് 781 പോയിന്റുമാണുള്ളത്.
1979നു ശേഷം ആദ്യമായാണ് ഒരു കിവീസ് ബാറ്റർ, ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഗ്ലെൻ ടർണറാണ് ഏറ്റവുമൊടുവിൽ ആ സ്ഥാനത്തെത്തിയ കിവീസ് താരം. മാർട്ടിൻ ക്രോ, ആൻഡ്രൂ ജോൺസ്, റോജർ ടൗസ്, നഥാൻ ആസ്റ്റൽ, കെയ്ൻ വില്യംസൻ, മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്‌ലർ തുടങ്ങിയ താരങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങൾ വരെ എത്തിയെങ്കിലും ഒന്നാം സ്ഥാനം എത്തിപ്പിടിക്കാൻ സാധിച്ചിരുന്നില്ല.
അഫ്ഗാനിസ്ഥാൻ ബാറ്റർ ഇബ്രാഹിം സദ്രാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നാലാമതും വിരാട് കോലി അഞ്ചാമതുമാണ്. എട്ടാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കി 22 ദിവസങ്ങൾക്കു ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഗംഭീര പ്രകടനമാണ് രോഹിത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററായിരുന്നു രോഹിത്. സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, എം.എസ്.ധോണി, ശുഭ്മാൻ ഗിൽ എന്നിവരാണ് മുൻഗാമികൾ.