
സൗദി വിമർശകനും വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശിക്ക് വധത്തിൽ പങ്കില്ലെന്നാണ് ട്രംപിന്റെ ന്യായീകരണം. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോർട്ടിനെ നിരാകരിച്ചാണ് ട്രംപിന്‍റെ പ്രസ്താവന.
ഖഷോഗി വിവാദ വ്യക്തിയായിരുന്നു. ചിലപ്പോൾ അരുതാത്തത് സംഭവിക്കുമെന്നും തന്റെ സന്ദർശകനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ വിഷയം മാധ്യമ പ്രവർത്തകർ ഉന്നയിച്ചതെന്നും മുഹമ്മദ് ബിൻ സുൽത്താനുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു.
‘‘നിങ്ങള്‍ പരാമര്‍ശിക്കുന്നത് വളരെ വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. നിങ്ങള്‍ സംസാരിക്കുന്ന ആ മാന്യനെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും പലതും സംഭവിക്കും’’– ട്രംപ് പറഞ്ഞു. അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് ഇത് ഇവിടെ നിർത്താമെന്ന് സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു.