ublnews.com

കുവൈത്തിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം അധികൃതർ പൂട്ടിച്ചു

താമസാനുമതി നിയമലംഘനങ്ങളും വീസ ക്രമക്കേടുകളും തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി, കുവൈത്തിലെ റുമൈത്തിയ (Rumaithiya) റസിഡൻഷ്യൽ ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം അധികൃതർ പൂട്ടിച്ചു. മനുഷ്യക്കടത്തിലും അനധികൃത വീസ സംഘടിപ്പിക്കുന്നതിലും സ്ഥാപനത്തിന് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടപടി സ്വീകരിച്ചത്. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി കുവൈത്ത് പൗരന്മാരുടെ ഒരു ശൃംഖലയെ സ്ഥാപനം ഉപയോഗിച്ചിരുന്നു. ഈ പൗരന്മാരെ തൊഴിലുടമകളായി രേഖകളിൽ കാണിച്ചാണ് വീസ സംഘടിപ്പിച്ച് തൊഴിലാളികളെ കുവൈത്തിൽ എത്തിച്ചിരുന്നത്.

തൊഴിലാളികൾ കുവൈത്തിൽ എത്തിയ ശേഷം, സ്ഥാപനം ഇവരെ മറ്റ് വ്യക്തികൾക്ക് കൈമാറും. ഈ കൈമാറ്റത്തിന് സ്ഥാപനം ഒരു ഏഷ്യൻ തൊഴിലാളിക്ക് 1,200 മുതൽ 1,300 കുവൈത്തി ദിനാർ വരെ സ്ഥാപനം ഈടാക്കിയിരുന്നു. കൂടാതെ, വീസകൾ സംഘടിപ്പിക്കുന്നതിന് ‘സഹായിച്ച’ പൗരന്മാർക്ക് ഓരോ ഏഷ്യൻ തൊഴിലാളിക്കും 50 മുതൽ 100 കുവൈത്തി ദിനാർ വരെ കമ്മീഷനായി ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട എല്ലാവരെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

മനുഷ്യക്കടത്തിനോ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനോ ഒരു തരത്തിലുള്ള സഹിഷ്ണുതയുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ മനുഷ്യ മൂല്യങ്ങളെ തകർക്കുകയും സാമൂഹിക സുരക്ഷയെ ഭീഷണിപ്പെടുത്തുകയും കുവൈത്തിന്റെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്യും. തൊഴിലാളികളെ ചൂഷണം ചെയ്യുകയോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top