ublnews.com

സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് സൗദി തൊഴിൽ മന്ത്രാലയം

സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് സൗദി തൊഴിൽ മന്ത്രാലയം. വനിതാ ജീവനക്കാർക്കുള്ള പ്രസവാവധി നിഷേധിക്കുന്ന സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ ഒട്ടറെ വ്യവസ്ഥകളും നിയമലംഘനങ്ങളുടെ പിഴകളും മന്ത്രാലയം പുതുക്കി. രാജ്യത്തെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം.

തൊഴിൽ നിയമ ലംഘനങ്ങളുടെ പുതുക്കിയ പട്ടികയിൽ, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള പ്രസവാവധി നൽകുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ അത് ‘ഗുരുതരമായ’ ലംഘനമായി കണക്കാക്കും. ഈ ലംഘനം കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ചുമത്തും. എന്നാൽ, പ്രസവാവധി നിഷേധിക്കപ്പെട്ട സ്ത്രീ ജീവനക്കാരുടെ എണ്ണമനുസരിച്ച് ഈ പിഴത്തുക ഇരട്ടിയായി തൊഴിലുടമ ഒടുക്കേണ്ടിവരും.

വനിതാ ജീവനക്കാർക്ക് വേണ്ടി ശിശു സംരക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിലും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. ഒരു സ്ഥാപനത്തിൽ അൻപതോ അതിലധികമോ സ്ത്രീ ജീവനക്കാർ ജോലി ചെയ്യുകയും, അവരുടെ 6 വയസ്സിൽ താഴെയുള്ള കുറഞ്ഞത് 10 കുട്ടികളെങ്കിലുമുണ്ടെങ്കിൽ, സ്ഥാപനത്തിൽ നഴ്സറിയോ ശിശു സംരക്ഷണ സൗകര്യങ്ങളോ ഒരുക്കി നൽകേണ്ടത് നിർബന്ധമാണ്. ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലാത്ത പക്ഷം സ്ഥാപന ഉടമയ്‌ക്കെതിരെ 3,000 റിയാൽ പിഴ ചുമത്തും.

ജീവനക്കാർക്കുള്ള യൂണിഫോം ഡ്രസ് കോഡ് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും കനത്ത പിഴ ചുമത്തും. തൊഴിലിട വസ്ത്രങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് പരമാവധി 3 ലക്ഷം റിയാൽ വരെ പിഴ ശിക്ഷയായി ലഭിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top