
ബഹിരാകാശ ഗവേഷണരംഗത്തേക്ക് കൂടുതൽ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും കുറഞ്ഞ ചെലവിൽ പ്രവേശനം സാധ്യമാക്കുന്ന യുഎഇയുടെ ‘പേലോഡ് ഹോസ്റ്റിങ് ഇനിഷ്യേറ്റീവ്’ (പിഎച്ച്ഐ) പ്രകാരമുള്ള ആദ്യ മോഡുലാർ ഉപഗ്രഹം ‘പിഎച്ച്ഐ-1’ വിക്ഷേപണത്തിന് തയാറെടുത്തതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസി) അറിയിച്ചു. യുഎൻ ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സുമായുള്ള (യുനൂസ) സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ സുപ്രധാന സംരംഭം ബഹിരാകാശ മേഖലയുടെ ജനാധിപത്യവൽക്കരണത്തിനായുള്ള യുഎഇയുടെ ആഗോള പ്രതിബദ്ധതയെയാണ് അടയാളപ്പെടുത്തുന്നത്.
നാളെ (19) യുഎസിലെ വാണ്ടൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് പിഎച്ച്ഐ-1 വിക്ഷേപിക്കുക. യുഎഇയുടെ സാങ്കേതികവിദ്യകൾ ബഹിരാകാശത്ത് പരീക്ഷിക്കാൻ മറ്റ് രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും അവസരം നൽകുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഈ ബഹിരാകാശ ദൗത്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പേലോഡുകളാണ് പിഎച്ച്ഐ-1 വഹിക്കുക. ബഹ്‌റൈൻ സ്പേസ് ഏജൻസി, നേപ്പാളിലെ അന്റാരിക്ഷ്യ പ്രതിഷ്ഠാൻ, എംബിആർഎസി, ഷാർജ അക്കാദമി ഫോർ അസ്‌ട്രോണമി, സ്പേസ് സയൻസസ് & ടെക്നോളജി (സാസ്റ്റ്) എന്നിവയാണ് പങ്കാളികൾ. പിഎച്ച്ഐ-1 ഒരു 12യു ക്യൂബ്സാറ്റ് പ്ലാറ്റ്‌ഫോമാണ്. 20 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന് ഏകദേശം ഒരു വർഷം പ്രവർത്തന കാലാവധിയുണ്ട്. പൂർണമായും ദുബായിലെ എംബിആർഎസി സൗകര്യങ്ങളിലാണ് ഇത് രൂപകൽപന ചെയ്ത് നിർമിച്ചത് എന്നതും ശ്രദ്ധേയമാണ്.