
സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപായാണ് ട്രംപിന്റെ പ്രഖ്യാപനം. ഏഴു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശിയുടെ യുഎസ് സന്ദർശനം.
സൗദി അറേബ്യയ്ക്ക് വിമാനങ്ങൾ വിൽക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘ഞങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പറയുന്നു. ഞങ്ങൾ എഫ് 35 വിമാനങ്ങൾ വിൽക്കും’ – എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സൗദിക്ക് എഫ് 35 വിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.
സൗദി അറേബ്യയ്ക്ക് എഫ് 35 വിമാനങ്ങൾ കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിനു വിധേയമായിരിക്കണമെന്ന് ട്രംപിനെ ഇസ്രയേല്‍ അറിയിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രാദേശിക സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.