
ശബരിമലയിലെ വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിങ് ദിവസം 20,000 പേർക്കു മാത്രമാക്കുമെന്ന് ദേവസ്വം ബോർഡ്. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം –ശരംകുത്തി– സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സിൽ വിശ്രമിക്കുന്ന ഭക്തർക്ക് വരി നിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.