ublnews.com

ഇത്തവണത്തെ ഷാർജ പുസ്തകോത്സവത്തിൽ ഇത്തവണയെത്തിയത് 14 ലക്ഷം പേർ

12 ദിവസത്തെ പരിപാടികളോടെ ഷാര്‍ജ ബുക് അതോറിറ്റി (എസ്.ബി.എ) ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിച്ച 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള (എസ്.ബി.ഐ.എഫ്) ഈ വര്‍ഷം 206 രാജ്യങ്ങളില്‍ നിന്നുള്ള 14,00,730 സന്ദര്‍ശകരെ ആകര്‍ഷിച്ചാണ് പ്രൗഢമായി സമാപിച്ചത്. സംസ്‌കാരം, പുസ്തകങ്ങള്‍, വ്യവസായ വിനിമയം എന്നിവയ്ക്കുള്ള സുപ്രധാന ആഗോള കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ പദവി ശക്തിപ്പെടുത്തുന്നതായി ഈ മേളയെന്നും, വര്‍ധിച്ച സന്ദര്‍ശകര്‍ ഇക്കാര്യം ശക്തമായി തെളിയിച്ചെന്നും സംഘാടകര്‍ പറഞ്ഞു.

‘നിങ്ങള്‍ക്കും ഒരു പുസ്തകത്തിനുമിടയില്‍’ എന്ന പ്രമേയത്തില്‍ 118 രാജ്യങ്ങളില്‍ നിന്നുള്ള 2,350 പ്രസാധകരും പ്രദര്‍ശകരും മേളയില്‍ പങ്കെടുത്തു. ലോകത്ത് മറ്റൊരിടത്തും അവകാശപ്പെടാനില്ലാത്ത ശക്തമായ സാംകാരിക മുദ്രയോടെ ഷാര്‍ജ എമിറേറ്റ് ഈ വിഷയത്തില്‍ രാജ്യാന്താര തലത്തില്‍ പ്രശംസ നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന പതിപ്പുകളില്‍ ഒന്നായിരുന്നു ഇക്കഴിഞ്ഞ മേള.

പ്രസിദ്ധീകരണ അവകാശങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഷാര്‍ജ അതിന്റെ സ്ഥാനം നിലനിര്‍ത്തി. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി ഈ സ്ഥാനം ഷാര്‍ജ നിലനിര്‍ത്തിപ്പോരുകയാണ്.
രണ്ട് ദിവസത്തെ ഷാര്‍ജ പ്രസാധക സമ്മേളനത്തില്‍, 116 രാജ്യങ്ങളില്‍ നിന്നുള്ള 1,599 പ്രസാധകര്‍ 3,321 അവകാശ സംഗമങ്ങള്‍ നടത്തി. വാണിജ്യപരവും സൃഷ്ടിപരവുമായ സഹകരണത്തിനുള്ള കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയില്‍ തുടര്‍ച്ചയായ ആത്മവിശ്വാസം സൂചിപ്പിക്കുന്നതാണിത്.

വിശാലമായ ജനസംഖ്യാ ആകര്‍ഷണം പാസ്തക മേളയിലെ ഹാജര്‍ രീതികളില്‍ പ്രതിഫലിച്ചു. 35, 44 വയസ് പ്രായമുള്ള സന്ദര്‍ശകരാണ് ഏറ്റവും വലിയ വിഭാഗം 29%. തുടര്‍ന്ന് 25, 34 വയസ് പ്രായമുള്ളവരാണ് 28%. 125,890ലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിത വിദ്യാഭ്യാസസാഹിത്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമറിയിച്ചു.

അല്‍ ഖസ്ബയില്‍ നിന്നും ഷാര്‍ജ അക്വേറിയത്തില്‍ നിന്നുമുള്ള ജല ഗതാഗത സൗകര്യമുപയോഗിച്ച് മേളക്കെത്തിയത് 87,674 പേരായിരുന്നു. സംതൃപ്തി നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. സന്ദര്‍ശകരിലെ സംതൃപ്തി നിരക്ക് 96.3%, പ്രദര്‍ശകരിലേത് 90.91%, പ്രസാധക സമ്മേളനത്തില്‍ പങ്കെടുത്തവരുടേത് 97.14% എന്നിങ്ങനെയായിരുന്നു കണക്കുകള്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top