
124 റൺസിന്റെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യം മുന്നിൽനിൽക്കെ, 93 റൺസിൽ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഞെട്ടിക്കുന്ന തോൽവി. ഒന്നാം ഇന്നിങ്സിൽ 30 റൺസിന്റെ ലീഡോടെ മത്സരത്തിൽ മേൽക്കൈ നേടിയ ഇന്ത്യയുടെ തോൽവിയും അതേ മാർജിനിലാണ്. ഇന്ത്യൻ സ്പിന്നർമാർ ഉഴുതു മറിച്ചിട്ട പിച്ചിൽനിന്ന് ഇന്നലെ 4 വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ സിമോൺ ഹാമറാണ് ആതിഥേയരുടെ പ്രതീക്ഷകൾ കെടുത്തിയത്. 7 വിക്കറ്റുകൾ നേടിയത് ദക്ഷിണാഫ്രിക്കയുടെ സ്പിന്നർമാരാണ്. സ്കോർ: ദക്ഷിണാഫ്രിക്ക 159, 153. ഇന്ത്യ 189, 93.
15 വർഷത്തിനുശേഷം ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്ക, 2 മത്സര പരമ്പരയിൽ നിർണായക ലീഡ് നേടി (1–0). രണ്ടാം ടെസ്റ്റ് 22 മുതൽ ഗുവാഹത്തിയിൽ. ആകെ 8 വിക്കറ്റുകൾ നേടിയ ഹാമറാണ് പ്ലെയർ ഓഫ് ദ് മാച്ച്. കഴുത്തിനു പരുക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങിന് ഇറങ്ങിയില്ല.
7ന് 93 എന്ന സ്കോറിൽ ഇന്നലെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിക്കുമ്പോൾ തോൽവിയുടെ വക്കിലായിരുന്നു ദക്ഷിണാഫ്രിക്ക. 63 റൺസ് മാത്രമായിരുന്നു സന്ദർശകരുടെ ആകെ ലീഡ്. എന്നാൽ ഈ ടെസ്റ്റിലെ ഏക അർധ സെഞ്ചറി നേടി ചെറുത്തുനിന്ന ക്യാപ്റ്റൻ ടെംബ ബവൂമ (136 പന്തിൽ 55 നോട്ടൗട്ട്) ഇന്ത്യയെ വെല്ലുവിളിച്ചു. കോർബിൻ ബോഷിനൊപ്പം (25) എട്ടാം വിക്കറ്റിൽ 44 റൺസും സിമോൺ ഹാമറിനൊപ്പം (18) ഒൻപതാം വിക്കറ്റിൽ 18 റൺസും നേടിയ ബവൂമ ഇന്ത്യൻ ബോളർമാരുടെ ക്ഷമ പരീക്ഷിച്ചു. മത്സരത്തിൽ വഴിത്തിരിവായതും ഈ 2 കൂട്ടുകെട്ടു കളാണ്.