ublnews.com

ബിഹാർ എൻഡിഎ സർ‍ക്കാരിനെ വീണ്ടും നിതീഷ് കുമാർ നയിക്കും

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയ എൻഡിഎ സർ‍ക്കാരിനെ വീണ്ടും നിതീഷ് കുമാർ നയിക്കും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നവംബർ 20 വ്യാഴാഴ്ച നടക്കും. പട്നയിലെ വിശാലമായ ഗാന്ധി മൈതാനത്താണ് പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന നേതാക്കളായ അമിത്ഷാ, രാജ്നാഥ് സിങ്, ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. എൻഡിഎ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങൾ ഗാന്ധി മൈതാനത്ത് ആരംഭിച്ചിട്ടുണ്ട്.

എൻഡിഎയിലെ പ്രധാന പാർട്ടികളായ ബിജെപിയും ജെഡിയുവും മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. ഇരുപാർട്ടികളും 101 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ബിജെപി 89 സീറ്റുകൾ നേടിയപ്പോൾ ജെഡിയു 85 സീറ്റുകൾ നേടി. മുഖ്യപ്രതിപക്ഷമായ ആർജെഡിക്ക് 25 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്.

നിതീഷ് കുമാറിന്റെ സർക്കാരിൽ ബിജെപിയിൽനിന്ന് 16 മന്ത്രിമാരും ജെഡിയുവിൽ നിന്ന് 14 മന്ത്രിമാരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറു സഖ്യകക്ഷികളായ എൽജെപി (ആർവി), എച്ച്എഎം-എസ്, ആർഎൽഎം എന്നിവയ്ക്കും മന്ത്രിസഭയിൽ സ്ഥാനമുണ്ടാവും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top