ublnews.com

ബൂത്ത് ലെവല്‍ ഓഫിസര്‍ ജീവനൊടുക്കിയ സംഭവം; സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ്

പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റിനെ ബിഎല്‍ഒ കൊണ്ടു പോയതിനു സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജോലിയുടെ സമ്മര്‍ദം. ഇതെല്ലാമാണ് ബിഎല്‍ഒയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘‘ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറെക്കൂടി ഗൗരവത്തില്‍ ഈ വിഷയം പഠിക്കണം. അമിതമായ ജോലി ഭാരമുണ്ടെന്ന് സംസ്ഥാനത്ത് ഉടനീളം ബിഎല്‍ഒമാര്‍ പരാതിപ്പെടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്ക് ജോലി ചെയ്ത് തീര്‍ക്കാനാകുന്നില്ല. മൂന്നു തവണ ഒരു വീട്ടില്‍ പോകണമെന്നാണ് നിര്‍ദേശം. 700 മുതല്‍ 1500 വോട്ടുകള്‍ വരെ ഓരോ ബൂത്തുകളിലുമുണ്ട്. ബിജെപിയും സിപിഎമ്മും എസ്ഐആര്‍ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യുഡിഎഫ് അനുകൂല വോട്ടുകള്‍ ചേര്‍ക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനെ ശക്തിയായി എതിര്‍ക്കും. സത്യസന്ധമായ തിരഞ്ഞെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യും’’ – സതീശൻ പറഞ്ഞു.

‘‘ബിജെപിയില്‍ ഇപ്പോള്‍ രണ്ട് ആത്മഹത്യകള്‍ നടന്നു. ഒരാള്‍ ആത്മഹത്യ ശ്രമം നടത്തി. കരിനിഴല്‍ വീണ ബിജെപി നേതാക്കളുടെ സാമ്പത്തിക ബന്ധങ്ങളെ കുറിച്ചാണ് ആത്മഹത്യ കുറിപ്പുകളില്‍ പറയുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് എം.എസ്. കുമാറും ഗുരുതര ആരോപണമാണ് ബിജെപി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പഴയ തലമുറയില്‍പ്പെട്ട നേതാക്കളാണ് ബിജെപിയുടെ പുതിയ നേതൃത്വത്തെ കുറിച്ചു ഗൗരവതരമായ ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ആടിയുലയുന്ന ബിജെപിയുമായി ബന്ധം സ്ഥാപിക്കാനാണ് തിരുവനന്തപുരത്ത് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മില്‍ നിന്നും രാജിവച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ദേശാഭിമാനി ബ്യൂറോ ചീഫും ആയിരുന്ന രണ്ടു പേര്‍ ഗുരുതര ആരോപണമാണ് കടകംപള്ളി സുരേന്ദ്രന് എതിരെ ഉന്നയിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top