
എയർ ടാക്സികൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനുമായി സ്ഥാപിക്കുന്ന ആദ്യ വെർട്ടി പോർട്ടിന്റെ നിർമാണം 60 ശതമാനം പൂർത്തിയാക്കി ദുബായ് ആർടിഎ. യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള എയർ ടാക്സിയുടെ പരീക്ഷണ പറക്കലിനു പിന്നാലെയാണ് വെർട്ടി പോർട്ടിന്റെ നിർമാണ പുരോഗതി ആർടിഎ പുറത്തുവിട്ടത്.
മർഗമിലെ ജെറ്റ്മാൻ ഹെലിപ്പാഡിൽ നിന്നാണ് യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിനായി ജോബി ഏവിയേഷന്റെ പറക്കും ടാക്സി പറന്നുയർന്നത്. 17 മിനിറ്റ് നീണ്ട യാത്രയ്ക്കൊടുവിൽ എയർ ടാക്സി വിജയകരമായി മക്തും രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. യുഎഇയുടെ ചരിത്രത്തിൽ ആദ്യമായി യാത്രക്കാരുമായി പരീക്ഷണ പറക്കൽ നടത്തിയ എയർ ടാക്സി എന്ന വിശേഷണം ഇതോടെ ജോബി ഏവിയേഷനു സ്വന്തമായി.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് ദുബായിലെ ആദ്യ വെർട്ടിപോർട്ടിന്റെ പണി പുരോഗമിക്കുന്നത്. ബ്രിട്ടിഷ് കമ്പനിയായ സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചറിന്റെ നേതൃത്വത്തിലാണ് നിർമാണം. ഇമാർ പ്രോപ്പർട്ടീസ്, അറ്റ്‌ലാന്റിസ് ഹോട്ടൽ, വാസൽ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പ് എന്നിവരുമായി വെർട്ടിപോർട്ട് നിർമാണത്തിന് ആർടിഎ കരാറിലെത്തി. ഇതോടെ, ഇവർക്കു കീഴിലെ പാർപ്പിട, വാണിജ്യ മേഖലകളിൽ എയർ ടാക്സികൾക്കായുള്ള വെർട്ടിപോർട്ടുകൾ ഉയരും.
എയർ ടാക്സി വഴിയുള്ള ഗതാഗതം നഗരത്തിന്റെ കൂടുതൽ മേഖലയിലേക്കു വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കും. 2026 മുതൽ എയർ ടാക്സികൾ ദുബായിയുടെ ആകാശത്ത് നിറയും. ആർടിഎ, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് എയർ നാവിഗേഷൻ സർവീസ് എന്നിവരുമായി ചേർന്നാണ് എയർ ടാക്സി സർവീസ് നടത്തുന്നത്.
പൊതുഗതാഗത മേഖലയിൽ മറ്റൊരു നാഴികക്കല്ലുകൂടി ദുബായ് പിന്നിടുകയാണെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ചും സുസ്ഥിരമായതും സ്മാർട്ടുമായ ഗതാഗത സൗകര്യം ദുബായിൽ ലഭ്യമാക്കണമെന്ന ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ദീർക്ഷ വീക്ഷണമാണ് ഇത്രവേഗം എയർ ടാക്സി യാഥാർഥ്യമാകാൻ കാരണമെന്ന് അൽ തായർ പറഞ്ഞു. ദുബായിൽ ജീവിക്കുന്നവർക്കും സന്ദർശകർക്കും ഏറ്റവും സുരക്ഷിതമായും വേഗത്തിലും സൗകര്യപ്രദമായും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ എത്താൻ കഴിയും എന്നതാണ് എയർ ടാക്സിയുടെ ഉറപ്പെന്നും മാത്തർ അൽ തായർ പറഞ്ഞു.