
ദുബായ് എയർ ഷോ 2025ന്റെ ആദ്യ ദിനത്തിൽ അൽ മക്തൂം എയർപോർട്ട് റോഡിൽ വിവിധ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് (17) രാവിലെയാണ് ഒന്നിലേറെ വാഹനങ്ങൾ ഉൾപ്പെട്ട അപകടം കാരണം റോഡിൽ ഗതാഗതം തടസ്സപ്പെട്ടത്. ഇതേത്തുടർന്ന് എയർ ഷോയിലേക്ക് വന്ന യാത്രക്കാർക്ക് കാലതാമസമുണ്ടായി.
റോഡിന്റെ വശത്തേക്ക് മറിഞ്ഞ ഒരു വാനും കേടുപാടുകൾ സംഭവിച്ച മറ്റ് കാറുകളും റോഡരികിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ ചിതറിക്കിടന്ന ഗ്ലാസ് കഷണങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും സമീപത്തുണ്ടായിരുന്ന മറ്റു യാത്രക്കാർ ചേർന്ന് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. കൂടാതെ, അപകടത്തിൽപ്പെട്ട ഡ്രൈവർമാർക്കും യാത്രക്കാർക്കും ഉടൻതന്നെ സഹായം നൽകാൻ മറ്റു വാഹനയാത്രികർ മുന്നിട്ടിറങ്ങുകയും ചെയ്തു.