
ഫുജൈറയിലെ ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ആറ് ബോട്ടുകൾ ഫുജൈറ പരിസ്ഥിതി അതോറിറ്റി പിടിച്ചെടുത്തു. അതോറിറ്റി നടത്തിയ ഊർജിതമായ പരിശോധനയ്ക്കിടെയാണ് അനധികൃതമായി പ്രവർത്തിച്ച ബോട്ടുകൾ വലയിലായത്. തുടർച്ചയായ നിരീക്ഷണ ക്യാംപെയ്ന്റെ ഭാഗമായി നടത്തിയ പതിവ് ഫീൽഡ് പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയതെന്ന് എഫ്ഇഎ സ്ഥിരീകരിച്ചു.
അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തിയ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. ദൈനംദിന നിരീക്ഷണം, കൃത്യമായ ഫീൽഡ് സന്ദർശനങ്ങൾ, നൂതന നിരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവയെ ആശ്രയിച്ചാണ് അതോറിറ്റിയുടെ മോണിറ്ററിങ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുമെന്ന് എഫ്ഇഎ ഡയറക്ടർ അസീല അൽ മുല്ല പറഞ്ഞു.