
മേലൂർ (തൃശൂർ) തിരിച്ചറിയാൻ കഴിയാത്തവിധം നിർമിച്ച വ്യാജസ്വർണം സഹകരണ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെന്നു പരാതി. ഉരച്ചു നോക്കിയാൽ പിടിക്കപ്പെടാത്ത വിധത്തിൽ സ്വർണം പൂശിയ ആഭരണങ്ങൾ പണയം വച്ച് 10 പേർ ചേർന്ന് 40 ലക്ഷത്തിലേറെ രൂപ തട്ടിയെന്നാണ് പരാതി. മേലൂർ സഹകരണ ബാങ്ക് അധികൃതർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. സഹകരണ റജിസ്ട്രാർക്കും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്.
ബാങ്കിന്റെ ഹെഡ് ഓഫിസിലും പാലപ്പിള്ളി, അടിച്ചിലി, മുരിങ്ങൂർ, പൂലാനി ശാഖകളിലുമാണു വ്യാജ സ്വർണം പണയം വച്ചിട്ടുള്ളത്. ബാങ്കിന്റെ അപ്രൈസർ ഉരച്ചു നോക്കിയാണു പണയമെടുത്തതെങ്കിലും സ്വർണം പൂശിയതിനാൽ തിരിച്ചറിയാനായില്ല. ഒരേ മാതൃകയിലുള്ള ആഭരണങ്ങൾ പതിവായി പണയത്തിന് എത്തിയതോടെയാണ് സംശയം തോന്നിയത്. പരാതി നൽകിയതിനെത്തുടർന്ന് ഇന്നലെ ഇടപാടുകാരെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു.