ublnews.com

ബിഹാറിലെ തോൽവി ; മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നേതാക്കളുടെ യോഗം

ബിഹാറിലെ തോൽവി വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നേതാക്കളുടെ യോഗം ചേർന്നു. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സംസാരിച്ചു. ബിഹാറിൽ വോട്ടുകൊള്ളയാണ് നടന്നതെന്ന് നേതാക്കൾ ആരോപിച്ചു.

തേജസ്വിയുമായി രാഹുൽ സംസാരിച്ചെന്നും ആര്‍ക്കും വിശ്വസിക്കാൻ കഴിയുന്ന ഫലമല്ല ബിഹാറിൽ ഉണ്ടായിരിക്കുന്നതെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ‘‘ 90 ശതമാനത്തിൽ അധികം സ്ട്രൈക്ക് റേറ്റ് ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പോലും ഉണ്ടായിട്ടില്ല. ബിഹാറിലെ കൃത്യമായ ഡേറ്റ ശേഖരിക്കുകയാണ്. ഘടകക്ഷികളുമായി സംസാരിച്ച് കൃത്യമായ തെളിവുമായി വരും. ബിഹാറില്‍ വോട്ടു കൊള്ള ആണെന്നതിൽ തർക്കമില്ല. വോട്ടിങിൽ കൃത്രിമത്വം നടന്നു. ഇത് തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് പറയുന്നതല്ല.

ഇന്ത്യൻ ജനാധിപത്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഹരിയാനയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. 19 കേസുകൾ ഹരിയാനയിലെ കോടതിയിലുണ്ട്. നിയമപരമായി അവിടെ പോരാടുകയാണ്. കോൺഗ്രസ് ഉന്നയിച്ച കാര്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയിട്ടില്ല. കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് എസ്ഐആർ നടപ്പിലാക്കുന്നത്. കോൺഗ്രസിനെ പിളർക്കാൻ മോദി ഇറങ്ങിയാൽ ആരും വീഴാൻ പോകുന്നില്ല’’–കെ.സി.വേണുഗോപാൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top