
പെഷാവർ ∙ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ സുരക്ഷാസേന നടത്തിയ 3 ഓപ്പറേഷനുകളിലായി 26 ഭീകരരെ വധിച്ചു. ഇന്റലിജന്റ്സ് വിഭാഗം കൈമാറിയ രഹസ്യവിവരത്തെത്തുടർന്ന് ബജൗർ, കോഹട്, കരാക് ജില്ലകളിൽ വ്യാഴാഴ്ചയായിരുന്നു ദൗത്യങ്ങൾ. ഗദ്ദർ ഗ്രാമത്തിൽ നടത്തിയ ഏറ്റുമുട്ടലിലാണ് 22 ഭീകരരെ വധിച്ചത്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ തെഹ്‌രികെ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) സാന്നിധ്യം ശക്തമാണ്. 2022 നവംബറിൽ വെടിനിർത്തൽ പിൻവലിച്ചതോടെ പാക്ക് സേനയ്ക്കു നേരെ ഇവരുടെ ആക്രമണം പതിവാണ്
ഇതിനിടെ, ഇസ്‌ലാമാബാദിലെ കോടതി സമുച്ചയത്തിനുനേരെ ചാവേർ ആക്രമണം നടത്തിയ സംഭവത്തിൽ 4 ടിടിപി ഭീകരരെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ 12 പേരാണു കൊല്ലപ്പെട്ടത്