
തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം.
വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഇല്ലെന്ന് ആരോപിച്ചു സിപിഎം പരാതിപ്പെട്ടിരുന്നു. സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുമായില്ല. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിങിനുശേഷമാണ് തീരുമാനമെടുത്തത്.
വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.