
ഇന്നത്തെ കോൺഗ്രസ് എംഎംസി കോൺഗ്രസ് ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് ആയെന്നായിരുന്നു മോദിയുടെ പരിഹാസം. ഇത് ആഘോഷിക്കേണ്ട ദിവസമാണ്. ബിഹാർ ജനത ഓരോ വീട്ടിലും ഇന്ന് മഖാന പായസം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറിന്റേത് ചരിത്ര വിജയമാണ്. ബിഹാറിന്റെ ഹൃദയം എൻഡിഎയ്ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഛഠ് മയ്യ കീ ജയ്’ എന്നു പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഗംച വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്തേക്ക് എത്തിയത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അദ്ദേഹത്തെ സ്വീകരിച്ചു. പുഷ്പവൃഷ്ടിയോടെ പ്രവർത്തകർ മോദിയെ വരവേറ്റു. ഇത് ട്രെൻഡ് അല്ല സുനാമി ആണെന്നായിരുന്നു ജെ.പി. നഡ്ഡ പറഞ്ഞത്.
മഹിള–യൂത്ത് ഫോർമുലയാണ് ബിജെപിയ്ക്ക് വലിയ വിജയം നൽകിയത്. ബിഹാറിൻ ഇന്ത്യാ സഖ്യം ഇനി ഒരിക്കലും തിരിച്ചുവരില്ല. ബിഹാറിലെ ജനങ്ങളുടെ വികസനമാണ് ലക്ഷ്യം. നിതീഷ് കുമാറിന്റേത് അതിശയകരമായ നേതൃത്വ പാടവമാണ്. ചിലർ പ്രീണന രാഷ്ട്രീയത്തിനു പിന്നാലെ പോയി. എന്നാൽ ധ്രുവീകരണ രാഷ്ട്രീയത്തിനു തിരിച്ചടിയേറ്റു. യുവാക്കൾ എസ്ഐആറിനെ പിന്തുണച്ചു. ബിഹാർ ജനത സൃഷ്ടിച്ചത് കൊടുങ്കാറ്റാണ്. തെറ്റായ നയങ്ങളെ ജനങ്ങൾ തൂത്തെറിഞ്ഞു.