
പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവനയാണ് പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് കിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്ക്കെതിരെയും പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്റെ താലിബാൻ സർക്കാരിനെതിരെയും യുദ്ധത്തിന് തയാറാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ഇസ്ലാമാബാദ് കോടതിക്കു മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്ക് ശേഷമാണ് ആസിഫിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ (പാക്ക് താലിബാൻ) ഏറ്റെടുത്തിരുന്നു. ചാവേർ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും വർധിച്ചിരിക്കുകയാണ്. പാക്ക് താലിബാന് അഫ്ഗാനിസ്ഥാൻ പിന്തുണ നൽകുന്നുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.