
ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ഉച്ചപൂജയ്ക്കു ശേഷം സാംപിൾ ശേഖരിക്കാനാണ് കോടതിയുടെ നിർദേശം.
ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ തുടങ്ങിയവയെ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികൾ അഴിച്ചെടുത്ത് പിന്നീട് സ്വര്‍ണം പൂശി എന്നതിലാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സ്വർണനഷ്ടം എത്രയുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് മണ്ഡലകാലത്തിനായി നട തുറക്കുന്നതിന്റെ തലേ ദിവസമായ നവംബർ 15നു മുമ്പ് പരിശോധന പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി.