
സൗദി തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ പ്രത്യേകിച്ച് ബസ് യാത്ര കൂടുതൽ ജനകീയമാകുന്നു. റിയാദ് നഗരത്തിലെങ്ങുമുള്ള സഞ്ചാരത്തിന് ബസിനെ ആശ്രയിച്ച് യാത്രചെയ്യുന്നവരുടെ എണ്ണം 10 കോടിയിലേറെയായതായി അധികൃതർ വെളിപ്പെടുത്തി. റിയാദ് മെട്രോ, വിമാനത്താവളം, റെയിൽവേ എന്നിവയ്ക്ക് അനുബന്ധമായി വിവിധ നഗര കേന്ദ്രങ്ങളിലേക്ക് കാര്യക്ഷമമായി കൃത്യനിഷ്ഠയോടെ നടത്തുന്ന റിയാദ് ബസ് യാത്ര ആസ്വദിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.
ജോലിക്ക് പോയി മടങ്ങുന്നവരും വിവിധ ആവശ്യങ്ങൾക്കും ഷോപ്പിങിനുമൊക്കെ പോകുന്നവരിൽ വലിയൊരു പങ്കും നഗര തിരക്കിൽ ഏറെ സൗകര്യമായി യാത്ര ചെയ്യുന്നതിന് റിയാദ് ബസുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. കുറഞ്ഞ ചെലവിൽ നഗര കേന്ദ്രങ്ങളിലേക്ക് എവിടേക്കും യാത്രചെയ്യാനാവുമെന്നതും സ്വന്തം വാഹനവുമായി നഗരപരിധിക്കുള്ളിൽ പാർക്കിങ് തിരക്കി ബുദ്ധിമുട്ടേണ്ടി വരുന്നുമില്ലെന്നതും ബസുകളെ ആകർഷകമാക്കുന്നു.
തലസ്ഥാന നഗരിയുടെ ബസ് ശൃംഖല 1,900 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 91 റൂട്ടുകളിലായി പ്രവർത്തിക്കുന്നു, റിയാദിന്റെ മിക്ക സമീപഇടങ്ങളേയും കേന്ദ്രങ്ങളേയും സുപ്രധാന പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചാണ് റൂട്ടുകൾ ക്രമീകരിച്ചിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള സുഖസൗകര്യങ്ങളും സുരക്ഷയും ഉൾക്കൊള്ളുന്ന 842 ആധുനികതരം പ്രകൃതി സൗഹൃദ ബസുകളാണ് റൂട്ടുകളിൽ സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് സുഖകരമായ സൗകര്യം നൽകുന്നതിനായി ആധുനിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത 2,950-ലധികം ബസ് സ്റ്റോപ്പുകൾ റൂട്ടുകളിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.