
അഴിമതിക്കെതിരെ സംയുക്ത പോരാട്ടം ശക്തിപ്പെടുത്താനും അനധികൃത സ്വത്ത് വീണ്ടെടുക്കാനുമുള്ള ശ്രമം ഏകീകരിക്കാൻ ഇന്റർപോളിന്റെ ആഗോള സമ്മേളനം അബുദാബിയിൽ ആരംഭിച്ചു. ആഗോള വിപത്തിനെതിരെ വിവിധ രാജ്യങ്ങൾക്കും രാജ്യാന്തര സംഘടനകൾക്കുമിടയിൽ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം.
അബുദാബി പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, ഇന്റർപോൾ, യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 90ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഒട്ടേറെ രാജ്യാന്തര സംഘടനാ ഭാരവാഹികൾ, ആഗോള തലത്തിലുള്ള 200ലേറെ വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
അഴിമതിക്കെതിരെ പോരാടുന്നതിനും പൊതുഫണ്ട് സംരക്ഷിക്കുന്നതിനും ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ യുഎഇയുടെ നേതൃപരമായ പങ്കിനു തെളിവാണ് രാജ്യാന്തര സമ്മേളനത്തില ആതിഥേയത്വമെന്ന് അബുദാബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൻ അൽ മുഹൈരി പറഞ്ഞു.
ആഗോള തലത്തിലെ 40 രാജ്യാന്തര പ്രഭാഷകർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് സെയ്ഫ് ബിൻ സായിദ് അക്കാദമി ഫോർ പൊലീസ് ആൻഡ് സെക്യൂരിറ്റി സയൻസസ് ഡയറക്ടറും ഇന്റർപോൾ ഗ്ലോബൽ കോൺഫറൻസ് ഓൺ ആന്റി കറപ്ഷൻ ആൻഡ് അസറ്റ് റിക്കവറി സംഘാടക സമിതി തലവനുമായ ബ്രിഗേഡിയർ ജനറൽ ഡോ. റാഷിദ് മുഹമ്മദ് ബുർഷിദ് പറഞ്ഞു