
ദുബായ് എമിറേറ്റിലെ പ്രധാന വ്യാപാര-വാണിജ്യ മേളകൾക്കും ബിസിനസ് ഇവന്റുകൾക്കും വേദിയാകുന്ന ദുബൈ എക്സിബിഷൻ സെന്ററിന്റെ ആദ്യ ഘട്ട വികസനം അന്തിമ ഘട്ടത്തിലെത്തിയതായി ദുബൈ വേൾഡ് ട്രേഡ് സെന്റർ (ഡി.ഡബ്ല്യൂ.ടി.സി) അധികൃതർ അറിയിച്ചു. 64,000 ചതുശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിരം പ്രദർശന ഹാളുകൾ, 30,000 ചതുരശ്ര മീറ്ററിൽ ഫ്ലക്സിബ്ൾ പവലിയനുകൾ എന്നിവ ഉൾപ്പെടെ 1.4 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കേന്ദ്രം വികസിപ്പിക്കുന്നത്.
ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ അടുത്ത വർഷം തുടക്കത്തിൽ പ്രധാന അന്താരാഷ്ട്ര പ്രദർശനങ്ങൾക്ക് ദുബൈ എക്സിബിഷൻ സെന്റർ വേദിയാകുമെന്ന് ഡി.ഡബ്ല്യൂ.ടി.സി അധികൃതർ വെളിപ്പെടുത്തി. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾകൂടി പൂർത്തിയാകുന്നതോടെ പ്രതിദിനം 50,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. 2031ഓടെ ദുബൈ എക്സിബിഷൻ സെന്ററിനെ മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ എക്സിബിഷൻ വേദിയാക്കി മാറ്റുകയാണ് ലക്ഷ്യം.