ublnews.com

എഴുത്ത് വ്യക്‌തിപരമായ അനുഭവം, സർഗ രചനയിൽ എ ഐക്ക് സ്ഥാനമില്ല: ബുക്കർ ജേതാവ് പോൾ ലിഞ്ച്

ഷാർജ: നിർമിത ബുദ്ധി പോലുള്ള സാങ്കേതിക സംവിധാനത്തിന് സർഗ ജീവിതത്തിൽ സ്ഥാനമില്ലെന്നും എഴുത്ത് പൂർണമായും വൈയക്തികവും വൈകാരികമായ അനുഭവമാണെന്നും ബുക്കർ സമ്മാന ജേതാവ് പോൾ ലിഞ്ച് പറഞ്ഞു. ‘ഫിക്ഷൻ . ഫ്രീഡം, ഫിയർ’ എന്ന വിഷയത്തെക്കുറിച്ച് ഷാർജ അന്തർദേശിയ പുസ്തകോത്സവത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഐ യുടെ കടന്നുവരവ് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

1

‘പ്രോഫറ്റ് സോങ്ങ്’ എന്ന ബുക്കർ സമ്മാനം നേടിയ നോവലിന്റെ എട്ടാം അധ്യായം എഴുതാൻ മാസങ്ങളെടുത്തു. ചില രചനാ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ സർഗാത്മകത നിലച്ചുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ലിഞ്ച് വിശദീകരിച്ചു.

2

സന്ദേശം നൽകുന്നതും പ്രബോധനം നടത്തുന്നതുമല്ല,അറിയാത്തതിനെ കണ്ടെത്തുക അസ്വസ്ഥപ്പെടുത്തുന്നതിനെ കണ്ടറിയുക എന്നതായിരിക്കണം നല്ല കലയെന്ന് പോൾ ലിഞ്ച് വ്യക്തമാക്കി.
സിനിമ കാണുന്നതും നിരൂപണം ചെയ്യുന്നതും ഇഷ്ടമാണ്. അങ്ങനെയാണ് കഥ പറച്ചിൽ മനുഷ്യന്‌ ഇഷ്ടമാണെന്ന് മനസിലാക്കിയത്. എപ്പോഴും വലിയ വാചകങ്ങൾ എത്തുന്ന ആളാണ്‌ താനെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നോവലാണിതെങ്കിലും ഏതെങ്കിലും ഒരു പക്ഷത്ത് നിന്ന് എഴുതാനുള്ള ശ്രമം ഉണ്ടായിട്ടില്ല.ജീവിതം എങ്ങനെയാണ് അനിശ്ചിതത്വങ്ങളിലേക്ക് വഴിമാറുന്നത് എന്ന് കണ്ടെത്താനാണ് ശ്രമിച്ചിട്ടുള്ളത്.
രാഷ്ട്രീയ അസ്ഥിരതയുള്ള നാടുകളിൽ ഉള്ളവർക്ക് തന്റെ നോവലുമായി എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ സാധിക്കും. വിനോദത്തേക്കാൾ മറ്റുള്ളവരുടെ ദുരിതം മനസിലാക്കുന്നതാണ് ഫിക്ഷൻ എന്നും പോൾ ലിഞ്ച് പറഞ്ഞു.
വായനക്കാരോട് സത്യസന്ധത പാലിക്കണമെങ്കിൽ ഇരുണ്ട വസ്തുതകളെക്കുറിച്ച് എഴുതുമ്പോൾ അതിലേക്ക് ആഴ്ന്നിറങ്ങണം. അപ്പോൾ വായനക്കാരൻ കൂടെ വരും. എന്നാൽ പലപ്പോഴും അത്തരം മാനസിക ഭാവങ്ങളുടെ തടവറയിൽ ഏറെക്കാലം കഴിയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംവാദത്തിനിടെ തന്റെ നോവലിലെ ഒരു ഭാഗം അദ്ദേഹം വായിച്ചു. ആസ്വാദകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും പുസ്തകങ്ങൾ ഒപ്പ് ചാർത്തി നൽകിയും ആരാധകരുടെ ഒപ്പം നിന്ന് ചിതമെടുത്തും പോൾ ലിഞ്ച് എക്സ്പോ സെന്ററിലെ സായാഹ്നം അവിസ്മരണീയമാക്കി. ഖലീജ് ടൈംസ് ഫീച്ചർ വിഭാഗം മേധാവി അനാമിക ചാറ്റർജി മോഡറേറ്ററായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top