
അബൂദബി: കേരളത്തെ പട്ടിണിയിൽനിന്ന് കൈപിടിച്ചു കയറ്റിയവരാണ് പ്രവാസികൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അബൂദബി സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനത്ത് ഒരുക്കിയ മലയാളോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആപദ്ഘട്ടത്തിൽ ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറഞ്ഞ രാജ്യത്തിന്റെ ചേർത്തുപിടിക്കൽ ഒരിക്കലും മറക്കില്ല.
അതിന് കാരണം മലയാളികളുടെ സമീപനമാണ്. കേരള വികസനംതന്നെയാണ് ലക്ഷ്യം. അതിന് സാധ്യമായതെല്ലാം ചെയ്യും. തിങ്കളാഴ്ച കിരീടാവകാശിയുമായും കൂടിക്കാഴ്ച ഉണ്ട്. പ്രവാസികൾ മറ്റെല്ലാം മറന്ന് ഒന്നായി പ്രവർത്തിച്ചതിന്റെ ഗുണഫലം നമ്മുടെ നാട് ഇന്ന് അനുഭവിച്ചുപോരുന്നുണ്ട്. ഉച്ചനീചത്വങ്ങൾ നിലനിന്ന നാടായിരുന്നു നമ്മുടേത്. ഒരു മനുഷ്യന് അന്തസ്സോടെ ജീവിക്കാൻ ആവാത്ത കാലം. വിദ്യാഭ്യാസം നിഷേധിച്ച കാലം. മാറ് മറയ്ക്കാൻ അവകാശം ഇല്ലാത്ത കാലം. പട്ടിക്ക് നടക്കാവുന്ന വഴിയിൽ മനുഷ്യന് കടന്നുപോകാനാവാത്ത കാലം. ജാതീയമായ ഉച്ചനീചത്വത്തിൽനിന്ന് നാടിനെ ഉന്നതമായ മാനുഷിക മൂല്യങ്ങൾ നിറഞ്ഞതാക്കി മാറ്റാൻ കഴിഞ്ഞത് നമ്മുടെ നാടിന്റെ നവോത്ഥാന മുന്നേറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇ കാബിനറ്റ് അംഗവും സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രിയുമായ ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, എം.എ. യൂസുഫ് അലി, കേരള ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവരും പരിപാടിയില്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ആറാമത്തെ പ്രവാസ സമ്മേളനമാണിത്. ഓരോ ഗള്‍ഫ് രാജ്യങ്ങളുടെയും അവിടത്തെ ഭരണാധികാരികളുടെയും പിന്തുണ കേരളത്തിന്റെ വികസനത്തിനുവേണ്ടി നേടിയെടുക്കുക എന്നതാണ് സമ്മേളനങ്ങളുടെ ലക്ഷ്യമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് അഭിപ്രായപ്പെട്ടു.
അബൂദബിയിലെ പരിപാടിയില്‍ യു.എ.യിലെ വിവിധ എമിറേറ്റുകളില്‍നിന്നായി ആയിരങ്ങളാണ് എത്തിയത്. കിണ്ണംകളി, നാടന്‍ പാട്ടുകള്‍, നാടോടി നൃത്തം, വിവിധ പ്രവാസി സംഘടനകളുടെ കലാവിഭാഗം അവതരിപ്പിച്ച വിപ്ലവ ഗാനങ്ങള്‍, കേരളത്തിന്റെ തനത് പാട്ടുകള്‍ തുടങ്ങിയവ പരിപാടിക്ക് മിഴിവേകി. വൈകീട്ട് ആറു മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍, കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ലോക കേരള സഭ, മലയാളം മിഷന്, അബൂദബിയിലെയും അല്‍ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് മലയാളോത്സവത്തിന്നേതൃത്വം നല്‍കിയത്.