
എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ആർഎസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയിൽവേ സമൂഹമാധ്യമമായ എക്സിൽ പോസ്റ്റു ചെയ്തു. വിവാദമായതോടെ മണിക്കൂറുകൾക്കുശേഷം പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിവിധ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനായി നടത്തിയത്.
വന്ദേഭാരത് എക്സ്പ്രസിന്റെ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സർവീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചെങ്കിലും ഓൺലൈൻ റിസർവേഷൻ തുടങ്ങിയിട്ടില്ല. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) 1095 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസർവേഷൻ ചാർജ്, 5% ജിഎസ്ടി എന്നിവ ഒഴികെയുള്ളതാണിത്.