
സൗദി അറേബ്യയിൽ യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതവും സൗകര്യപ്രദമാകും വിധം സ്മാർട്ട് രീതികൾ ഏറെ താമസിയാതെ നിലവിൽ വരുന്നു. അനധികൃത താമസക്കാർക്ക് നാടുകടത്തലിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം അടക്കമുള്ള സ്മാർട്ട് സംവിധാനമാണ് ഏറെ താമസിയാതെ അവതരിപ്പിക്കുകയെന്ന് പാസ്പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലേഹ് അൽ മുറബ്ബാ വെളിപ്പെടുത്തി. റിയാദിൽ നടന്ന ഡിജിറ്റൽ ഗവൺമെന്റ് 2025 ഫോറത്തിലാണ് അദ്ദേഹം വരുംകാല നടപടികൾ വിശദമാക്കിയത്.
സമീപഭാവിയിൽ തന്നെ ഒരു സ്മാർട്ട് ലെയ്ൻ ആരംഭിക്കുന്നുണ്ട്. യാത്രക്കാർക്ക് അതിലൂടെ കടന്നുപോകാനും സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റികൾ പരിശോധിക്കാനും കഴിയും. ഇത് ഒരേ സമയം 35 പേരെ കടന്നുപോകുന്നത് പരിശോധിക്കാനും പാസ്പോർട്ട് ഓഫിസർമാരെ കടന്നുപോകേണ്ട ആവശ്യമില്ലാതെ തന്നെ അവരുടെ എമിഗ്രേഷൻ ക്രോസിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയുമെന്നും സാലേഹ് അൽ മുറബ്ബാ വ്യക്തമാക്കി.
മുൻപ് ഉപയോഗിച്ചിരുന്ന പരമ്പരാഗത നാടുകടത്തൽ രീതിയിൽ നിന്ന് മാറി, താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ നാടുകടത്തുന്നതിനായി ‘സ്വയം നാടുകടത്തൽ പ്ലാറ്റ്ഫോം’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സമാരംഭത്തെക്കുറിച്ച് അൽ -മുറബ്ബ ചൂണ്ടിക്കാട്ടി, അതിന്റെ സുരക്ഷാ, സാങ്കേതിക, കലാപരമായ വശങ്ങൾ പൂർത്തിയായാലുടൻ ഇത് ആരംഭിക്കുമെന്ന് കൂട്ടിച്ചേർത്തു. രാജ്യത്ത് നിയമം ലംഘിച്ച് തുടർന്നവർക്ക് ഈ പ്ലാറ്റ്ഫോമിലേക്ക് പോയി അതിലൂടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും.