ublnews.com

ഡീപ് ഫെയ്ക്ക് സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

ഡീപ് ഫെയ്ക്ക് വിഡിയോ, ഓഡിയോ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. എഐ സാങ്കേതിക സൗകര്യം വികസിച്ചതോടെ സത്യവും വ്യാജവും തിരിച്ചറിയാൻ കഴിയാത്ത വിധം ഡീപ് ഫെയ്ക്ക് സാങ്കേതിക സൗകര്യം വികസിച്ചു. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ശബ്ദം പുനഃസൃഷ്ടിക്കാനും വിഡിയോ സൃഷ്ടിക്കാനും ഇപ്പോൾ അതിവേഗം സാധിക്കും.

ഡീപ് ഫെയ്ക്ക് വിഡിയോകൾ ജനങ്ങളെ അതിവേഗം തെറ്റിദ്ധരിപ്പിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങൾക്കു പോലും കാരണമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഡിജിറ്റൽ വിവരങ്ങൾ മറ്റുള്ളവർക്കു കൈമാറുമ്പോൾ ആധികാരികത സംബന്ധിച്ച് ഓരോരുത്തർക്കും ഉറപ്പുണ്ടാകണമെന്നും, ഉത്തരവാദിത്തത്തോടെ മാത്രം സമൂഹ മാധ്യമങ്ങളിൽ ഇടപെടണമെന്നും കൗൺസിൽ നിർദേശിച്ചു. ദേശീയ ചിഹ്നങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവയുടെ ഡീപ് ഫെയ്ക്ക് ചിത്രങ്ങളും വിഡിയോകളും നിർമിക്കാതിരിക്കുന്നതിനും ഡിജിറ്റൽ ലോകത്ത് തെറ്റായ വിവരങ്ങൾ വ്യാപിക്കാതിരിക്കാനും പ്രതിരോധ പ്രവർത്തനം ആരംഭിച്ചതായി കൗൺസിൽ അറിയിച്ചു. ​

ജനങ്ങൾക്കുള്ള ബോധവൽക്കരണമാണ് പ്രതിരോധത്തിന്റെ ആദ്യ പടി. രാജ്യ സുരക്ഷയെ ബാധിക്കുന്നതും ജനങ്ങളുടെ സ്വസ്ഥമായ ജീവിതം നശിപ്പിക്കുന്നതുമായ കണ്ടന്റുകൾ സൃഷ്ടിക്കുന്നതും വ്യാജ വാർത്തകളും വിവരങ്ങളും പങ്കുവയ്ക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ ഐടി നിയന്ത്രണ ആക്ട് പ്രകാരം കനത്ത പിഴയും തടവും അടക്കം ശിക്ഷ ലഭിക്കുമെന്നു കൗൺസിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top