
ഈ വർഷം ആദ്യ 9 മാസത്തിനിടെ അബുദാബിയിൽ 15,000 പേർ വിവാഹിതരായെന്ന് അബുദാബി സിവിൽ ഫാമിലി കോർട്ട്. 7600 പേർ വിൽപത്രം റജിസ്റ്റർ ചെയ്തു. 120 രാജ്യക്കാരാണ് ഇതുവരെ അബുദാബി സിവിൽ ഫാമിലി കോർട്ടിന്റെ വിവാഹ റജിസ്ട്രേഷൻ സേവനം പ്രയോജനപ്പെടുത്തിയത്.
സെപ്റ്റംബറിൽ 1080 വിൽപത്രം ഉൾപ്പെടെ 9 മാസത്തിനിടെ 7600 വിൽപത്രങ്ങളും റജിസ്റ്റർ ചെയ്തു. ദിവസേന ശരാശരി 55 വിൽപത്രമാണ് റജിസ്റ്റർ ചെയ്യുന്നത്. അബുദാബിയിൽ നേരിട്ട് എത്തിയും വിദേശത്തുനിന്ന് ഓൺലൈനായും അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ വിൽപത്രം റജിസ്റ്റർ ചെയ്യാം. പ്രായപൂർത്തിയായവർക്ക് സങ്കീർണ നടപടികൾ ഒഴിവാക്കി സിവിൽ മാര്യേജ് കരാർ പ്രകാരം പരസ്പര സമ്മതത്തോടെ അബുദാബി സിവിൽ ഫാമിലി കോടതിയിൽ വിവാഹിതരാകാം. ഇതിനു രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ല. അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാമെന്നതാണ് പ്രത്യേകത.
അറബ് മേഖലയിൽ ഇംഗ്ലിഷിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്ന ആദ്യ കോടതിയാണിത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നൽകിയ ദിവസം തന്നെ വിവാഹം കഴിക്കാനുള്ള എക്സ്പ്രസ് സേവനത്തിന് 2500 ദിർഹമാണ് ഫീസ്. വിവാഹത്തിനു മാത്രമായി വിനോദസഞ്ചാരികൾ അബുദാബിയിൽ എത്തുന്നുണ്ടെന്ന് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞിരുന്നു.
നടപടിക്രമങ്ങൾ
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റ് (www.adjd.gov.ae) വഴിയോ ടൈപ്പിങ് സെന്ററുകൾ മുഖേനയോ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം. പാസ്പോർട്ട്, യുഎഇയിൽ താമസവീസ ഉള്ളവരാണെങ്കിൽ എമിറേറ്റ്സ് ഐഡി, മുൻപ് വിവാഹിതരാണെങ്കിൽ വിവാഹമോചന സർട്ടിഫിക്കറ്റ്, ജീവിതപങ്കാളി മരിച്ചതാണെങ്കിൽ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.
യുഎഇ പാസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുക. റജിസ്റ്റർ എ ന്യൂ കേസ് ഓപ്ഷനിൽ നോൺ മുസ്‌ലിം മാര്യേജ് തിരഞ്ഞെടുക്കുക. ഹാജരാകുന്ന ശാഖ ഓപ്ഷനിൽനിന്ന് തിരഞ്ഞെടുക്കാം. വിവാഹിതരാകുന്ന 2 പേരുടെയും പേരും വിലാസവും തെറ്റുകൂടാതെ രേഖപ്പെടുത്തണം. ഫീസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.
അപേക്ഷ അംഗീകരിച്ചാൽ വിവാഹിതരാകുന്ന തീയതിയും സമയവും തിരഞ്ഞെടുക്കാം. അനുമതി 24 മണിക്കൂറിനകം ലഭിക്കും. കോടതിയിലെത്തിയാണോ ഓൺലൈനായാണോ വിവാഹമെന്ന് നേരത്തെ തീരുമാനിക്കണം. വിവാഹം നടന്ന ഉടൻ യുഎഇ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മാര്യേജ് സർട്ടിഫിക്കറ്റ് ലഭിക്കും.