
ലോക ബ്ലിറ്റ്സ് ചാംപ്യനും രണ്ടു വട്ടം ലോക ചാംപ്യൻഷിപ് ഫൈനലിസ്റ്റുമായ റഷ്യയുടെ യാൻ നീപോംനീഷിയെ അട്ടിമറിച്ച് ഇന്ത്യയുടെ ദീപ്തായൻ ഘോഷ്; എട്ടാംനീക്കത്തിൽ രാജ്ഞിയെ ബലി നൽകി എതിരാളിയെ ഞെട്ടിച്ച് ഇന്ത്യയുടെ പെന്റല ഹരികൃഷ്ണ; ലോക 27 –ാം നമ്പർ താരം വിദിത് ഗുജറാത്തിയെ സമനിലയിൽ തളച്ച് അർജന്റീനയുടെ പന്ത്രണ്ടുകാരൻ ഫോസ്റ്റിനോ ഓറോ. ആദ്യ റൗണ്ടിൽ നീപോംനീഷിയുമായി സമനില പാലിച്ച ദീപ്തായൻ ഇന്നലെ കറുത്ത കരുക്കളുമായി 46 നീക്കങ്ങളിലാണ് ജയം കണ്ടത്.
ഗോവയിൽ നടക്കുന്ന ചെസ് ലോകകപ്പിൽ സംഭവബഹുലമായ രണ്ടാം റൗണ്ടിൽ വിജയത്തോടെ ഇന്ത്യൻ താരങ്ങളായ ലോക ചാംപ്യൻ ഡി.ഗുകേഷ്, അർജുൻ എരിഗെയ്സി, പി.ഹരികൃഷ്ണ, ദീപ്തായൻ ഘോഷ് എന്നിവർ മൂന്നാംറൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിലും എതിരാളിയോടു സമനില വഴങ്ങിയ ആർ. പ്രഗ്നാനന്ദ ടെമൂർ കുയ്ബാക്കോവുമായി ഇന്നു ടൈബ്രേക്കർ കളിക്കും.
ആർസനി നെസ്റ്ററോവിനെ തോൽപിച്ചാണ് പി. ഹരികൃഷ്ണ മൂന്നാം റൗണ്ടിലെത്തിയത്.അനീഷ് ഗിരി, വിൻസെന്റ് കെയ്മർ, വീ യീ എന്നീ പ്രമുഖ താരങ്ങളും വിജയത്തോടെ മൂന്നാം റൗണ്ടിലെത്തി. യുഎസിന്റെ പ്രമുഖതാരം വെസ്‌ലി സോയാണ് പുറത്തായവരിൽ മറ്റൊരു പ്രമുഖൻ.
മലയാളി താരങ്ങളായ നിഹാൽ സരിനും എസ്.എൽ. നാരായണനും രണ്ടാം സമനില വഴങ്ങി. ടൈബ്രേക്കർ ഇന്നു നടക്കും. ആദ്യ മത്സരം ജയിച്ച ലോക ജൂനിയർ ചാംപ്യൻ വി. പ്രണവ് ഇന്നലെ നോർവെയുടെ ആര്യൻ ടാരിയോടു തോറ്റു. ടൈബ്രേക്കർ ഇന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.