
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കരിയറിൽ പ്രചോദനമായിട്ടുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ. ഏകദിന വനിതാ ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു ദീപ്തിയുടെ പ്രതികരണം. ‘‘തോൽവികളിൽനിന്ന് എങ്ങനെ കയറി വരുന്നു എന്നതാണ് ഒരു താരത്തിനു പ്രധാനമെന്ന് 2017ൽ എന്നോടു പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി ഞങ്ങളോട് ഉപദേശിച്ചത്. ഞങ്ങൾ അതു ചെയ്തു. താങ്കളുടെ ഉപദേശം കരിയറിൽ പ്രചോദനമായി.’’– ദീപ്തി ശർമ പ്രധാനമന്ത്രിയോടു പറഞ്ഞു.
‘‘ഞാൻ പതിവായി പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ട്. കാര്യങ്ങൾ വളരെ ശാന്തതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അത് എന്നെ ഒരുപാടു സഹായിച്ചു.’’– ദീപ്തി ശർമ വ്യക്തമാക്കി. ദീപ്തിയുടെ കയ്യിലെ ഹനുമാന്‍ സ്വാമിയുടെ ടാറ്റു എങ്ങനെയാണ് ഇന്ത്യൻ താരത്തെ സഹായിക്കുന്നതെന്ന് മോദി ചോദിച്ചു. ‘‘ഞാൻ എന്നെ വിശ്വസിക്കുന്നതിനേക്കാളും അദ്ദേഹത്തെ വിശ്വസിക്കുന്നു. പ്രകടനം മെച്ചപ്പെടുത്തുന്നതിൽ അത് വളരെയേറെ സഹായിക്കുന്നുണ്ട്.’’– എന്നായിരുന്നു ദീപ്തി നൽകിയ മറുപടി.