
ന്യുയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനിയുടെ വിജയത്തോടെ അമേരിക്കയ്ക്ക് അതിന്റെ പരമാധികാരത്തിൽ അൽപം നഷ്ടം സംഭവിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മംദാനിയെ കമ്യൂണിസ്റ്റ് എന്ന് അഭിസംബോധന ചെയ്ത ട്രംപ്, അദ്ദേഹത്തിന്റെ വിജയത്തിനു പിന്നാലെ ന്യുയോർക്ക് കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വലെയോ ആയി മാറുമെന്നും ന്യൂയോർക്കിലെ ജനങ്ങൾ ഫ്ലോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും പറഞ്ഞു.
‘‘2024 നവംബർ 5ന് യുഎസിലെ ജനങ്ങൾ ഞങ്ങളുടെ സർക്കാരിനെ അധികാരമേൽപ്പിച്ചു. ഞങ്ങൾ പരമാധികാരം പുനഃസ്ഥാപിച്ചു. കഴിഞ്ഞ രാത്രിയോടെ ആ പരാമാധികാരത്തിൽ ഒരൽപം ന്യൂയോർക്കിൽ നഷ്ടമായി. പക്ഷേ കുഴപ്പമില്ല, അത് ഞങ്ങൾ ശ്രദ്ധിച്ചുകൊള്ളാം. യുഎസ് കോൺഗ്രസിന്റെ ഡെമോക്രാറ്റുകൾ എന്താണ് അമേരിക്കയ്ക്കു വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകണമെങ്കിൽ ന്യുയോർക്കിലെ ഇന്നലത്തെ തിരഞ്ഞെടുപ്പു ഫലം ശ്രദ്ധിച്ചാൽ മതി. രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി അവർ ഒരു കമ്യൂണിസ്റ്റുകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നു.’’– മായാമിയിൽ നടന്ന അമേരിക്ക ബിസിനസ് ഫോറത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.
കുറേക്കാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അവിടെയൊക്കെ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ നോക്കൂ. മംദാനിയുടെ ഭരണത്തിനു കീഴിൽ ന്യുയോർക്ക് കമ്യൂണിസ്റ്റ് ആയി മാറുമ്പോൾ ന്യൂയോർക്കിലെ ജനങ്ങൾ ഫ്ലോറിഡയിലേക്കു പലായനം ചെയ്യാൻ നിർബന്ധിതരാകും. അധികം വൈകാതെ തന്നെ ന്യൂയോർക്ക് സിറ്റിയിൽനിന്ന് പലായനം ചെയ്യുന്നവർ എത്തുന്ന കേന്ദ്രമായി മിയാമി മാറും. അവർ പലായനം ചെയ്യും…നിങ്ങൾ പക്ഷേ എവിടെ ജീവിക്കും? ഞാൻ ന്യൂയോർക്കിൽനിന്ന് മാറാൻ നോക്കുകയാണ്, കാരണം എനിക്ക് ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ ജീവിക്കാൻ തീരെ താൽപര്യമില്ല.’’–ട്രംപ് കൂട്ടിച്ചേർത്തു.