ublnews.com

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

ലോക വിജ്ഞാനത്തിന്റെ വാതായനം തുറന്നതോടെ ഷാർജയിലേക്ക് അക്ഷരപ്രേമികളുടെ ഒഴുക്ക്. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 1925ൽ ആദ്യ ലൈബ്രറി സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷവേളയിലാണ് ഇത്തവണത്തെ പുസ്തകമേള. ഉദ്ഘാടനത്തോടനുബന്ധിച്ച് സമഗ്ര അറബിക് വിജ്ഞാന കോശത്തിന്റെ ആദ്യഘട്ടവും ഷെയ്ഖ് സുൽത്താൻ പുറത്തിറക്കി. പുസ്തകമേളയിൽ ഗ്രീസ് ആണ് അതിഥി രാജ്യം.

118 രാജ്യങ്ങളിൽനിന്നുള്ള 2,350 പ്രസാധകരും 66 രാജ്യങ്ങളിൽനിന്നുള്ള 250 എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പുസ്തകമേളയെ സമ്പന്നമാക്കുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന അറിവരങ്ങിൽ 1,200 കലാസാംസ്കാരിക, സർഗാത്മക പരിപാടികൾക്ക് ഇവർ നേതൃത്വം നൽകും. മലയാളത്തിന്റെ പ്രിയ കവി കെ.സച്ചിദാനന്ദൻ, കെ.ആർ.മീര, ഇ.സന്തോഷ്കുമാർ എന്നിവർക്കു പുറമെ ബുക്കർ പ്രൈസ് ജേതാവ് കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖ്, ക്രൈം റിപ്പോർട്ടറും നോവലിസ്റ്റുമായ ഹുസൈൻ സെയ്ദി തുടങ്ങി ഇന്ത്യൻ എഴുത്തുകാരും ആഗോള പ്രതിഭകളും വായനക്കാരുമായി സംവദിക്കും.

ശാസ്ത്രം, സാഹിത്യം, കല, മാധ്യമം എന്നിവ ഉൾക്കൊള്ളുന്ന 44 വാല്യങ്ങളുള്ള സമഗ്ര അറബിക് വിജ്ഞാന കോശത്തിന്റെ ആദ്യഘട്ടം പൂർത്തിയായതായി ഷെയ്ഖ് സുൽത്താൻ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടം 2026 നവംബറിലും മൂന്നാം ഘട്ടം 2027 നവംബറിലും അവസാന ഘട്ടം 2028 നവംബറിലും പൂർത്തിയാക്കും. ശാസ്ത്രം, സാഹിത്യം, അറബിക് ഭാഷ, ഇസ്‌ലാമിക ശാസ്ത്രം, ഹ്യുമാനിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്ര ശാഖകളും പരിചയപ്പെടുത്തുകയാണ് ഈ വിജ്ഞാന കോശത്തിന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് സുൽത്താൻ വിശദീകരിച്ചു.

അറബ് ചരിത്രത്തിന്റെ ആരംഭം മുതൽ ഇസ്‌ലാമിക നാഗരികതയും പണ്ഡിതർ, തത്ത്വചിന്തകർ, എഴുത്തുകാർ, കവികൾ, ഭാഷാശാസ്ത്രജ്ഞർ എന്നിവരുടെ ജീവചരിത്രങ്ങളും വിവരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനശേഷം പ്രദർശന നഗരിയും ഷെയ്ഖ് സുൽത്താൻ ചുറ്റിക്കണ്ടു. പുസ്തകമേള ഈ മാസം 16 വരെ തുടരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top