
കുവൈത്തില്‍ സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട 2025 ലെ 15-ാം നമ്പര്‍ നിയമം നടപ്പാക്കാന്‍ തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെ ജോലി സമയം നിരീക്ഷിക്കും.
ദൈനംദിന ജോലി സമയം, വിശ്രമ നേരം, പ്രതിവാര അവധി ദിവസങ്ങള്‍, ഔദ്യോഗിക അവധി ദിവസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തൊഴിൽ ദാതാക്കൾ സർക്കാർ അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനം വഴി രേഖപ്പെടുത്തണം. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.
ഈ വിവരങ്ങൾ അടിസ്ഥാനമായിരിക്കും ഉദ്യോഗസ്ഥർ ജോലി സ്ഥലത്ത് പരിശോധനക്ക് എത്തുക. ആ സമയത്ത് ഇതിലെ വിവരങ്ങളുമായി യോജിച്ചു പോകുന്നില്ലെങ്കിലും പിഴ അടക്കമുള്ള ശിക്ഷ ചുമത്തും. എന്തെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾ കണ്ടെത്തിയാൽ കമ്പനിയുടെ ഫയലുകൾ ബ്ലോക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും. എല്ലാ തൊഴിലുടമകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിവരങ്ങള്‍ കാലതാമസമില്ലാതെ അപ്ഡേറ്റ് ചെയ്യണമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആവശ്യപ്പെട്ടു.