
ദുബായിൽ മൂന്നിടങ്ങളിലേക്കു കൂടി പെയ്ഡ് പാർക്കിങ് വ്യാപിപ്പിച്ച് പാർക്കിൻ കമ്പനി. ഇന്റർനാഷനൽ അക്കാദമിക് സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, ഔട്ട്‌സോഴ്‌സ് സിറ്റി എന്നിവിടങ്ങളിലാണ് പുതുതായി പെയ്ഡ് പാർക്കിങ് ആരംഭിച്ചത്. ഇവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണം അടയ്ക്ക് വാഹനം പാർക്ക് ചെയ്യേണ്ടത്.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് വർഷത്തിനകം കൂടുതൽ ബഹുനില പാർക്കിങ് കെട്ടിടങ്ങൾ നിർമിക്കുമെന്ന് പാർക്കിൻ നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ഊദ് മേത്ത, ജാഫിലിയ, ബനിയാസ് സ്ക്വയർ, നായിഫ്, അൽ ഗുബൈബ, സത്‌വ, അൽ റിഗ എന്നിവിടങ്ങളിലെ ബഹുനില കാർ പാർക്കിങ് കേന്ദ്രങ്ങളിലായി 3,651 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ദുബായിലുടനീളം 2 ലക്ഷത്തിലധികം പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നത്.
∙ പാർക്കിങ് നിരക്കുകൾ
രാവിലെ 8 മുതൽ രാത്രി 10 വരെ അര മണിക്കൂറിന് 2 ദിർഹം, ഒരു മണിക്കൂറിന് 4 ദിർഹം, രണ്ട് മണിക്കൂറിന് 8 ദിർഹം, മൂന്ന് മണിക്കൂറിന് 12 ദിർഹം, നാല് മണിക്കൂറിന് 16 ദിർഹം, അഞ്ച് മണിക്കൂറിന് 20 ദിർഹം, ആറ് മണിക്കൂറിന് 24 ദിർഹം, ഏഴ് മണിക്കൂറിന് 28 ദിർഹം, 24 മണിക്കൂറിന് 32 ദിർഹം.
∙ മാസം/വർഷം
ഒരു മാസത്തിന് 315 ദിർഹം, 3 മാസത്തിന് 840 ദിർഹം, 6 മാസത്തിന് 1,680 ദിർഹം, ഒരു വർഷത്തിന് 2,940 ദിർഹം