ublnews.com

താമസ മേഖലകളിൽ ക്വാഡ് ബൈക്കുകൾ നിരോധിച്ച് അബുദാബി

താമസ മേഖലകളിൽ ക്വാഡ് ബൈക്കുകൾ (4 ചക്രമുള്ള മോട്ടർസൈക്കിൾ) ഓടിക്കുന്നത് അബുദാബിയിൽ നിരോധിച്ചു. നിയമ ലംഘകർക്ക് അര ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. സുരക്ഷാ ഭീഷണിയും അപകട സാധ്യതയും മുന്നിൽ കണ്ടാണ് തീരുമാനം.

താമസ മേഖലകളിൽ ക്വാഡ് ബൈക്ക് ഓടിക്കുന്നത് കാൽനട യാത്രക്കാർക്കും പ്രദേശത്തു കളിക്കുന്ന കുട്ടികൾക്കും ഭീഷണി ഉയർത്തുന്നതായി പരാതി വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്. നിയമലംഘകരുടെ വാഹനം കണ്ടുകെട്ടും. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിയമ ലംഘകരെങ്കിൽ രക്ഷിതാക്കൾക്കോ ക്വാഡ് ബൈക്ക് ഉടമയ്ക്കോ എതിരെയാകും നടപടി സ്വീകരിക്കുക.
ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ബോധവൽക്കരണവും ആരംഭിച്ചു. നിയമം ലംഘിച്ച് ഇ-സ്കൂട്ടർ ഓടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

നിയമത്തെക്കുറിച്ച് അജ്ഞരായ മക്കൾക്ക് അക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണെന്നും പറഞ്ഞു. ഹെൽമറ്റ്, കണ്ണട, ഗ്ലൗസ് തുടങ്ങി സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് അനുവദനീയ മേഖലകളിൽ മാത്രമേ ക്വാഡ് ബൈക്ക് ഓടിക്കാൻ പാടുള്ളൂ. ക്വാഡ് ബൈക്ക്, ഇ-സ്കൂട്ടർ എന്നിവ ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 വയസ്സാണ്. ഇത്തരക്കാർ ക്വാഡ് ബൈക്ക് ലൈസൻസ് എടുത്തിരിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top