ublnews.com

വനിതാ ലോകകപ്പ് സെമിയില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

സെമിയില്‍ കരുത്തരായ ഓസീസ് വനിതകളെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഏകദിന ലോകകപ്പ് കിരീട മുത്തത്തിലേക്ക് ഇനി ഒരേയൊരു ജയത്തിന്റെ അകലംമാത്രം. ജെമീമ റോഡ്രിഗസ് എന്ന മുംബൈക്കാരി സ്വന്തം കാണികൾക്ക് മുന്നിൽ നടത്തിയ തീപാറും പോരാട്ടമാണ് ഇന്ത്യക്ക് ജയം സാധ്യമാക്കിയത്.

ടോസ് ഭാഗ്യം ഓസ്‌ട്രേലിയക്കായിരുന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്യുന്നവര്‍ ജയിക്കുന്നതാണ് ഈ ലോകകപ്പിലെ പതിവ്. അതുകൊണ്ട് ബാറ്റിങ് തിരഞ്ഞെടുക്കാന്‍ ഓസീസിന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. 49.5 ഓവറില്‍ 338 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ പക്ഷേ, ഇന്ത്യ അതിലും ശക്തമായി തിരിച്ചടിച്ചു. 48.3 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 341-5 (48.3 ഓവര്‍). അഞ്ചുവിക്കറ്റിന്റെ ജയം.

ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്കരുത്താണ് ഇന്ത്യക്ക് തുണയായത്. തകര്‍പ്പനടികളോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ചകൂട്ടായി നിന്നു. 134 പന്തുകളില്‍ 127 റണ്‍സ് നേടിയ ജെമീമ, ക്രീസില്‍ തുടര്‍ന്ന് ടീമിന്റെ വിജയംകൂടി ഉറപ്പാക്കുകയായിരുന്നു. 14 ഫോറുകളുണ്ട് ആ ഇന്നിങ്സിൽ. അമൻജോത് കൌർ (15) ആയിരുന്നു വിജയ റണ്‍ കുറിക്കുമ്പോള്‍ ജെമീമയ്‌ക്കൊപ്പം ക്രീസില്‍. ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍നിന്ന് 89 റണ്‍സ് നേടി പുറത്തായി. ജെമീമയും ഹർമൻപ്രീതും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 167 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ല്. സ്മൃതി മന്ദാന (24), ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി.

ഓസീസ് ഉയര്‍ത്തിയ റണ്‍മല ഒന്‍പത് പന്തുകള്‍ ബാക്കിവെച്ചാണ് ഇന്ത്യ മറികടന്നത്. മൂന്നാംതവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. നവംബര്‍ രണ്ട് ഞായറാഴ്ച ഇതേ വേദിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഫൈനല്‍. കന്നി ലോകകപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top