
ദുബായിലെ പുതിയ റൂട്ടിൽ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു. നാദ് അൽ ഷെബ ഏരിയയിലാണ് പുതുതായി സേവനം ആരംഭിച്ചത്. പ്രദേശത്തുള്ളവർക്ക് ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ കീറ്റ ഡ്രോൺ വഴി ഓർഡർ ചെയ്യാം.
അവന്യൂ മാളിലെ റസ്റ്ററന്റ്, കഫറ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ഭക്ഷണ പാനീയങ്ങളും മറ്റും ഓർഡർ ചെയ്താൽ നാദ് അൽ ഷെബ ഗ്രാൻഡ് മോസ്‌കിന്റെ മുറ്റത്തുള്ള സ്വീകരണ കേന്ദ്രത്തിൽ ഡ്രോൺ വഴി നിമിഷനേരം കൊണ്ട് എത്തിക്കും. ഉപയോക്താക്കൾക്ക് ഇവിടെയെത്തി പാർസൽ സ്വീകരിക്കാം. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്മെന്റ്, കീറ്റാ ഡ്രോൺ എന്നിവ സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ (ഡിഎസ്ഒ) 4 റൂട്ടുകളിൽ കഴിഞ്ഞ ഡിസംബറിൽ സേവനം ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തെ തുടർന്നാണ് സേവനം നാദ് അൽ ഷെബയിലേക്കു കൂടി വ്യാപിപ്പിച്ചത്. 2.3 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾക്ക് ഉപയോഗിച്ച് സേവനം. സെക്കൻഡിൽ 22 മീറ്റർ വേഗത്തിൽ 3 കിലോമീറ്റർ വരെ സഞ്ചരിച്ച് സാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാൻ സാധിക്കും.