
കാലാവധി കഴിഞ്ഞതോ റജിസ്റ്റർ ചെയ്യാത്തതോ ആയ വാടകക്കരാറുകൾ ക്രമപ്പെടുത്തുന്നതിന് വൻ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ. നവംബർ മുതൽ ഡിസംബർ 31 വരെയുള്ള 2 മാസ കാലയളവിൽ പാട്ടക്കരാറുകൾ നിയമാനുസൃതം ആക്കുന്നവർക്ക് 50 മുതൽ 100 ശതമാനം വരെ ഫീസ് ഇളവാണ് വാഗ്ദാനം ചെയ്തത്.
താമസ, വാണിജ്യ, വ്യാവസായിക, നിക്ഷേപ കരാറുകൾ ഉൾപ്പെടെ എല്ലാത്തരം പാട്ടക്കരാറുകൾക്കും ആനുകൂല്യം ലഭിക്കും. ഷാർജയിലെ താമസക്കാർക്കും ബിസിനസുകാർക്കും ആശ്വാസം പകർന്ന് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2024 സെപ്റ്റംബർ 19ന് മുൻപ് കാലാവധി അവസാനിച്ച കരാറുകൾക്ക് കുടിശികയുള്ള റജിസ്ട്രേഷൻ ഫീസിൽ 50 ശതമാനവും അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ 100 ശതമാനവും ഇളവു നൽകും.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഷാർജയിലെ കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും പിന്തുണ നൽകുന്നതിന് രൂപകൽപന ചെയ്ത ‘ഹസദ് സെന്റർ’ പദ്ധതിക്കും എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. പഴങ്ങളുടെയും പച്ചക്കറികളുടെയും ശേഖരണ കേന്ദ്രമായി ഇതു പ്രവർത്തിക്കും.
വിതരണം സുഗമമാക്കുന്നതിനും പ്രാദേശിക കർഷകർക്ക് പിന്തുണ നൽകുന്നതിനും ഇതു സഹായിക്കും. കാർഷിക മേഖലയുടെ വികസനവും സ്വദേശി കർഷകരെ സഹായിക്കുകയുമാണ് ലക്ഷ്യം.