
പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്നോട്ടില്ലെന്ന് സിപിഎം. പദ്ധതിയില്‍ ഒപ്പിട്ടത് നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി. ഇതു സംബന്ധിച്ചു സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് ഉയരുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനും തീരുമാനമായി. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് 29ന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.
മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടി സിപിഐ ആലോചിക്കുമ്പോഴാണ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സിപിഎം വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് പദ്ധതിയില്‍ ഒപ്പിടേണ്ടിവന്നതെന്ന കാര്യം സിപിഐയെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മുന്നണിയോഗത്തിൽ ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ കോഴിക്കോട് പറഞ്ഞു. പദ്ധതി സംബന്ധിച്ച് മുന്നണിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നത് ശരിയാണ്. സിപിഐ അവരുടെ അഭിപ്രായം പറഞ്ഞു. സിപിഐ മുന്നണിയിലെ പ്രധാനിയാണ്. അവരുടെ അഭിപ്രായം കേൾക്കും. തുടർതീരുമാനം മുന്നണിയോഗം ചർച്ച ചെയ്ത ശേഷമാകും ഉണ്ടാകുക. വ്യവസ്ഥകൾ മനസിലാക്കിയശേഷം അഭിപ്രായം പറയും. മുന്നണിയിൽ അനൈക്യം ഇല്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.