
ഒരു പരസ്യത്തെച്ചൊല്ലി അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
വിദേശ ഉൽപ്പന്നങ്ങൾക്കെതിരായ തീരുവകളെ വിമർശിക്കുന്ന മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗന്റെ പ്രസംഗത്തിലെ ഓഡിയോ ആധാരമാക്കി കാനഡയിലെ ഒന്റാറിയോ പ്രവിശ്യ സർക്കാർ കഴിഞ്ഞയാഴ്ച ഒരു പരസ്യം പുറത്തിറക്കിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
1987-ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്. എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു.
‘റൊണാൾഡ് റീഗൻ തീരുവകളെക്കുറിച്ച് സംസാരിക്കുന്നത് കാനഡ വഞ്ചനാപരമായി ഉപയോഗിച്ചുവെന്ന് റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നു. അവരുടെ ഗുരുതരമായ പ്രകോപനത്താൽ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഇതോടെ അവസാനിപ്പിക്കുന്നു.’ ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. യുഎസ് സുപ്രീം കോടതിയുടേയും മറ്റ് കോടതികളുടേയും തീരുമാനങ്ങളിൽ ഇടപെടാനാണ് പരസ്യം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.