
ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്814 വിമാനം പ്രത്യേക സാഹചര്യത്തിൽ റദ്ദാക്കിയതായി കമ്പനി വക്താവ് അറിയിച്ചു. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്കായി പ്രത്യേക താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പറന്നുയന്ന വിമാനത്തിലെ ഒരു യാത്രക്കാരന് മെഡിക്കൽ അടിയന്തരാവസ്ഥ ഉണ്ടായതിനെ തുടർന്ന് വിമാനം മംഗളൂരുവിൽ തിരിച്ചിറക്കി. ഇത് വിമാനത്തിന് കാലതാമസം വരുത്തുകയും ദുബായിൽ നിന്നുള്ള മടക്കയാത്രയെ ബാധിക്കുകയും ചെയ്തു. കൂടാതെ ദുബായിൽ യാത്രക്കാരുമായി വിമാനം പുറപ്പെടാൻ തയാറായപ്പോൾ, വ്യോമമേഖലയിലെ തിരക്ക് കാരണം ഡിപ്പാർച്ചർ സ്ലോട്ട് അംഗീകാരങ്ങളിൽ നിയന്ത്രണങ്ങൾ നേരിട്ടതായും കമ്പനി വക്താവ് അറിയിച്ചു.
വിമാനം റദ്ദാക്കിയതിനെ തുടർന്ന് എല്ലാ യാത്രക്കാർക്കും ഉടൻ തന്നെ ദുബായിലെ എയർപോർട്ട് ഹോട്ടലിൽ കമ്പനി ഭക്ഷണമുൾപ്പെടെ താമസ സൗകര്യം ഏർപ്പെടുത്തി. യാത്ര റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ കണ്ണൂർ പോലുള്ള സമീപ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനോ തീരുമാനിച്ച യാത്രക്കാർക്ക് അതിനനുസരിച്ചുള്ള സഹായങ്ങൾ നൽകിയതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം രേഖപ്പെടുത്തി.
ഇന്നലെ (ബുധൻ) രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ്814 വിമാനമാണ് റദ്ദാക്കിയത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് അടിയന്തരമായി നാട്ടിലേയ്ക്ക് പുറപ്പെട്ട മംഗളൂരു സ്വദേശിനി ബോധരഹിതയായി. ഉടൻ ആംബുലൻസ് സ്ഥലത്തെത്തി യുവതിക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ന് (വ്യാഴം) ഇന്ത്യൻ സമയം രാവിലെ 7.30ന് മംഗളൂരുവിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്.