
എമിറേറ്റിലെ താമസക്കാരൻ അറിയിച്ചതിനെ തുടർന്ന് ദിവസങ്ങൾക്കകം റോഡിലെ കുഴിയടച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ നഹ്ദയിലെ റോഡിലെ അപകടകരമായ കുഴി സംബന്ധിച്ച് ഒക്ടോബർ 9നാണ് റൈഹാൻ ഹാമിദ് എന്ന ഫോട്ടോഗ്രാഫർ ഇൻസ്റ്റഗ്രാം വഴി റിപ്പോർട്ട് ചെയ്തത്. കുഴിയുടെ ഫോട്ടോയും ചേർത്തായിരുന്നു സന്ദേശം അയച്ചത്. അതിവേഗത്തിൽ പ്രതികരിച്ച ആർ.ടി.എ അധികൃതർ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പിറ്റേ ദിവസംതന്നെ പരാതി രജിസ്റ്റർ ചെയ്തതായും ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയതായും താമസക്കാരനെ അറിയിച്ചു. തുടർന്ന് ഒക്ടോബർ 20ന് കുഴിയടച്ചു.
ഈ ചിത്രവും റൈഹാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ആർ.ടി.എയുടെ അതിവേഗത്തിലെ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു. നിരവധി യു.എ.ഇ താമസക്കാരാണ് റൈഹാന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആർ.ടി.എയെ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദിച്ചത്. താമസക്കാരുടെ പരാതികളും നിർദേശങ്ങളും അതിവേഗത്തിൽ പരിഗണിക്കുന്നതിൽ ആർ.ടി.എ വളരെ ശ്രദ്ധിക്കാറുണ്ട്. നേരത്തേയും സമാനമായ രീതിയിൽ പരാതികൾ സ്വീകരിച്ച് അധികൃതർ അതിവേഗത്തിൽ നടപടിയെടുത്തിരുന്നു. കഴിഞ്ഞ വർഷം രാത്രിയിലെ റോഡ് പണിക്കിടയിലെ ശബ്ദം സംബന്ധിച്ച് വന്ന പരാതിയും സ്വീകരിച്ച് അതിവേഗത്തിൽ പരിഹരിച്ചിരുന്നു.