
എമിറേറ്റിലെ ഗതാഗത മേഖലയെ നിയന്ത്രിക്കുന്ന ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ(ആർ.ടി.എ) 20ാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് നിരവധി സമ്മാനങ്ങളും ഓഫറും നൽകുന്നു. ദുബൈ ട്രാം, ദുബൈ മെട്രോ, ബസ് എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതാണ് ഓഫറുകൾ. അതോടൊപ്പം 20ാം വാർഷികം അടയാളപ്പെടുത്തുന്ന പ്രത്യേകമായ ലിമിറ്റഡ് എഡിഷൻ നോൽ കാർഡുകളും പുറത്തിറക്കുന്നുണ്ട്. ഇത് നവംബർ ഒന്നുമുതൽ 20 വരെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാക്കും.
സിനിമ ടിക്കറ്റുകൾക്ക് 20 ശതമാനം വരെയാണ് നവംബർ ഒന്നുമുതൽ അഞ്ചുവരെ ഓഫറുള്ളത്. ആർ.ടി.എ20 എന്ന പ്രമോ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുമ്പോൾ റോക്സി സിനിമാസിലാണ് ഓഫർ ലഭിക്കുക. ഇതേ കാലയവിൽ നൂൺ വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്ക് സമാന പ്രമോ കോഡിൽ 20 ശതമാനം വിലക്കിഴിവും ലഭിക്കും. നവംബർ ഒന്നിന് വ്യത്യസ്തമായ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ബുർജുമാൻ മെട്രോ സ്റ്റേഷനിൽ രാവിലെ ഒമ്പതിനും ഓൺ പാസിവ്, ശോഭ റിയൽറ്റി മെട്രോ സ്റ്റേഷനുകളിൽ രാവിലെ 10നും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലും ഉമ്മുറമൂൽ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 11നും ‘ബലൂൺസ് ആൻഡ് സ്മൈൽസ്’ എന്ന പരിപാടി നടക്കും.
ബസിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടി അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലും യാത്രക്കാർക്ക് ‘ആർ.ടി.എ20’ ബൂത്തിൽനിന്ന് 20 സെക്കൻഡിനുള്ളിൽ ഒരു സമ്മാനം നേടാനുള്ള അവസരമുണ്ടാകും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ ചോക്ലറ്റുകൾ വരെ സമ്മാനങ്ങളായി നേടാം. ഈ ഓഫർ നവംബർ ഒന്നിന് മാത്രമാണുണ്ടാവുക. അതേ ദിവസംതന്നെ ബുർജുമാൻ മെട്രോ സ്റ്റേഷനിൽ, യാത്രക്കാർക്ക് ഭീമൻ ആർട്ട് ഫ്രെയിമിന് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യാനും ആർ.ടി.എയുടെ ഫോട്ടോബൂത്തിൽനിന്ന് ഡിജിറ്റൽ ഫോട്ടോ കോപ്പി എടുക്കാനും കഴിയും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഇതിന് സൗകര്യമുണ്ടവുക. ദുബൈ വിമാനത്താവളത്തിൽ ഒക്ടോബർ 28 മുതൽ നവംബർ ഒന്നു വരെ ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.