
സ്മാർട്ട് സാങ്കേതിക വിദ്യയിൽ ബഹുദൂരം കുതിക്കുന്ന അബുദാബിയിൽ റോഡ് വൃത്തിയാക്കാനും സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനം നിരത്തിലിറക്കി. യാത്രയ്ക്കും ചരക്കുനീക്കത്തിനുമെല്ലാം ഓട്ടോണമസ് വാഹനങ്ങൾ ഏർപ്പെടുത്തിയതിനു പുറമെയാണിത്. തലസ്ഥാന നഗരിയുടെ പ്രധാന ടൂറിസം ആകർഷണമായ അബുദാബി കോർണിഷ് റോഡുകളിലാണ് ഓട്ടൊ ഗൊ എന്നറോബോ സ്വീപ്പറിനെ കാണാനാവുക.
മനുഷ്യർ മണിക്കൂറുകൾ എടുത്ത് വൃത്തിയാക്കുന്ന സ്ഥലം നിമിഷങ്ങൾക്കകം റോബോ സ്വീപ്പർ ശുചീകരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ അബുദാബി നിരത്തുകളിൽ വർഷങ്ങളായി സർവീസ് നടത്തിവരുന്ന സ്വയം നിയന്ത്രിത യാത്രാ വാഹനത്തിനു പുറമെയാണ് നഗരം ശുചീകരിക്കാനും റോബോ സ്വീപ്പറിനെ ചുമതലപ്പെടുത്തിയത്.
യാത്രാ വാഹനസേവനം സൗജന്യമാണെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്ന അടുത്ത വർഷം മുതൽ പണം ഈടാക്കും. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കെ2 അനുബന്ധ സ്ഥാപനമായ ഓട്ടോഗോ വികസിപ്പിച്ചെടുത്ത സ്മാർട്ട് ശുചീകരണ പദ്ധതിക്ക് ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് മേൽനോട്ടം വഹിക്കും.
മനുഷ്യ ഇടപെടലില്ലാതെ നഗരം വൃത്തിയാക്കുന്ന റോബോ സ്വീപ്പർ മുൻകൂട്ടി പ്രോഗ്രാം ചെയ്ത റൂട്ടുകളാണ് ശുചീകരിക്കുക. ഇതിനുപുറമെ നടപ്പാതകൾ, ചത്വരങ്ങൾ, റണ്ണിങ് ട്രാക്കുകൾ എന്നിവയും വൃത്തിയാക്കും. നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് ഡിഎംടിയിലെ ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. സെയ്ഫ് സുൽത്താൻ അൽ നസ്രി പറഞ്ഞു. മുന്നിലുള്ള തടസ്സം നേരത്തെ മനസ്സിലാക്കി വഴി മാറി സഞ്ചരിക്കാനും ഇതിനാകും