
ദുബായ്: മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച് / ലുലു മണിഅർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബായ് പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിങ്ങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ ലുലു മണി അസി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാനിൽ എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഇത് പ്രകാരം യു എ ഇ,ഖത്തർ,ബഹ്റൈൻ,ഒമാൻ.കുവൈറ്റ്,സിംഗപ്പൂർ, മലേഷ്യ, ഹോങ്ങ് കോങ്ങ്, ഫിലിപ്പൈൻസ് , ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അർജന്റീന ദേശിയ ഫുട്ബോൾ ടീമിന്റെ മത്സരങ്ങൾ ഉൾപ്പെടെയുള്ള അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ലുലു എക്സ്ചേഞ്ച്,ലുലു മണി മാർക്കറ്റിങ്ങ് പങ്കാളിയായിരിക്കും. 2026 ലെ യുഎസ്- കാനഡ- മെക്സിക്കോ ലോകകപ്പ് ഫുട്ബോൾ കഴിയുന്നതു വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും.
ഇന്ത്യയിൽ, ലുലു ഫോറെക്സും ലുലു ഫിൻസെർവുമാണ് എഎഫ്എയെ പ്രതിനിധീകരിക്കുക. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയാണ് അസോസിയേഷന്റെ പങ്കാളി.
അടുത്ത 12 മാസത്തിനുള്ളിൽ ലുലു ഫിൻ ഗ്രൂപ്പിന്റെ ഉപയോക്താക്കൾക്ക് ഡിജിറ്റലായും 380-ലേറെ കസ്റ്റമർ എൻഗേജ്മെൻ്റ് സെൻ്ററുകൾ വഴിയും അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.
മത്സര ടിക്കറ്റുകൾ, ഔദ്യോഗിക എഎഫ്എ ഉൽപന്നങ്ങൾ, കളിക്കാരെ നേരിട്ട് കാണാനുള്ള അവസരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.