ublnews.com

ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനത്തിന് സ്തംഭനം

ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനം എഡബ്ല്യുഎസ് (ആമസോൺ വെബ് സർവീസസ്) ഇന്നലെ സ്തംഭിച്ചതോടെ സ്നാപ്ചാറ്റ്, ഫെയ്സ്ബുക്, പ്രൈംവി‍ഡിയോ തുടങ്ങി അനേകം ജനപ്രിയ സമൂഹമാധ്യമങ്ങളുടെയും വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. പ്രശ്നം കണ്ടെത്തിയെന്നും പരിഹാര ശ്രമങ്ങൾ തുടങ്ങിയെന്നും ഇന്നലെ വൈകിട്ടോടെ എഡബ്ല്യുഎസ് അറിയിച്ചു. രാത്രിയോടെ പല വെബ്സൈറ്റുകളും വീണ്ടും സജീവമായി.

65 ലക്ഷത്തോളം ഉപയോക്താക്കൾ ഈ ‘വെബ്സൈറ്റ് സ്തംഭനം’ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു ഇന്റർനെറ്റ് പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ അറിയിച്ചു. യുഎസിലും ബ്രിട്ടനിലുമാണ് കൂടുതൽ ആഘാതം.

യുഎസിലെ ചില ബാങ്കുകളുടെ ഇന്റർനെറ്റ് സേവനങ്ങൾ, ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ കോയിൻബേസ് എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെട്ടു. ആമസോൺ അധിഷ്ഠിത സ്മാർട് ഉപകരണങ്ങളും ചിലയിടങ്ങളിൽ പ്രവർത്തനരഹിതമായി. എഐ പ്ലാറ്റ്ഫോമായ പെർപ്ലെക്സിറ്റിയുടെ പ്രവർത്തനവും താൽക്കാലികമായി നിലച്ചു.

സ്തംഭനത്തിനു പിന്നിലെ യഥാർഥ കാരണം ഇതുവരെ അറിഞ്ഞിട്ടില്ല. എന്നാൽ സൈബർ ആക്രമണമല്ലെന്നാണു സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. യുഎസിൽ സ്ഥിതി ചെയ്യുന്ന ആമസോണിന്റെ പ്രധാന ഡേറ്റ കേന്ദ്രങ്ങളിൽ സംഭവിച്ച സാങ്കേതികപ്പിഴവുകളാണ് പ്രശ്നത്തിനു പിന്നിലെന്നാണു വിലയിരുത്തൽ.

ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാവാണ് എഡബ്ല്യുഎസ്. ക്ലൗഡിൽ സ്റ്റോറേജ് നൽകുന്നതു പോലെ കംപ്യൂട്ടിങ് , സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്കിങ് ശേഷിയും നൽകുന്നതാണു ക്ലൗഡ് കംപ്യൂട്ടിങ്. ലോകമെമ്പാടും പല രാജ്യങ്ങളിലെയും സർക്കാർ സേവന സംവിധാനങ്ങൾ, വിവിധ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ എഡബ്ല്യുഎസിന്റെ ഉപയോക്താക്കളാണ്. 23 വർഷങ്ങളായി ആമസോൺ ഈ സേവനം നൽകിവരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top